മലയാളികളുടെ ചോറിനൊപ്പം മീനില്ലാത്ത ദിവസം ചുരുക്കമാണ്. നല്ല കുടും പുളിയിട്ട മീൻ കറിക്കൊപ്പം ചോർ കഴിക്കുന്നതിലപ്പുറം സന്തോഷം വേറെ എന്തുണ്ട്. രുചി മാത്രമല്ല ഗുണങ്ങളുമുണ്ട് ഏറെ.
മീൻ ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം?
ആസ്ത്മയ്ക്ക് വളരെ നല്ലത്
ആസ്ത്മയ്ക്ക് മീൻ വിഴുങ്ങുന്ന ചികിത്സ ഉണ്ടെന്ന് പലർക്കും അറിയാം. എന്നാൽ മീൻ കഴിക്കുന്നത് ആസ്ത്മ എന്ന രോഗം വരാതിരിക്കാൻ സഹായിക്കും. ആസ്ത്മയുള്ളവർ ദിവസവും മീൻ കഴിക്കാൻ ശ്രമിക്കുക. മീനിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നു
അൽഷിമേഴ്‌സ് രോഗം പിടിപ്പെട്ടവരുടെ എണ്ണം ദിവസവും കൂടി വരുന്നു. മീൻ കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്കസംബന്ധമായ രോഗങ്ങൾ തടയുന്നതിൽ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.
പോഷക ഗുണം
മീനിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാൽ സമ്പുഷ്ടമായ മത്സ്യം ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു
ഹൃദ്രോഗമുള്ളവർ മീൻ ധാരാളം കഴിക്കുക. ദിവസത്തിൽ ഒരു തവണയോ, അതിൽ കൂടുതലോ മത്സ്യം കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 15 ശതമാനം കുറയും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
പ്രമേഹമുള്ളവർ മീൻ കഴിക്കണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ് മീൻ. അതിനാൽ മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വിഷാദരോഗം കുറയ്ക്കുന്നു
ഇന്ന് ലോകം നേരിടുന്ന മാനസിക പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷാദരോഗം. കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാൻ മത്സ്യം നല്ലതാണ്.
കരൾരോഗങ്ങൾ തടയും
മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് (triglycerides) കൊഴുപ്പ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവർ അസുഖം തടയാൻ സഹായിക്കും.
ഉറക്കമില്ലായ്മ അകറ്റും
ഉറക്കക്കുറവ് ഇന്ന് പലരുടെയും പ്രശ്നമാണ്. ഉറക്കക്കുറവ് തടയുന്നതിന് വളരെ നല്ലതാണ് മീൻ. മാത്രമല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മീൻ കഴിക്കുന്നത് ഗുണം ചെയ്യും.
ചർമത്തെ സംരക്ഷിക്കും
ചർമസംരക്ഷണത്തിന് വളരെ നല്ലതാണ് മീൻ. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുവാൻ മത്സ്യം കഴിക്കുന്നത് ഉപകരിക്കും.
കണ്ണിനെ സംരക്ഷിക്കും
മീനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും സഹായിക്കും.