കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ആവശ്യം.
തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ പറയുന്നു. ദിലീപിന്റെ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.
അന്വേഷണ റിപ്പോർട്ടിലെ മൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് നൽകാനാണ് ഏപ്രിൽ 12ന് ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് നിർദേശം നൽകിയത്. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനിൽക്കുമോ എന്നതിൽ വിശദമായി വാദം കേൾക്കാനായി കേസ് മെയ് 30ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ഹരജി. കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, റിപ്പോർട്ട് അതിജീവിതയ്ക്ക് മാത്രം നൽകിയെങ്കിലും വിവരങ്ങൾ മാധ്യമങ്ങളിലെത്തിയെന്നും അത് ജുഡിഷ്യറിക്ക് തന്നെ അപമാനമാണെന്നും ദിലീപ് ആരോപിച്ചിരുന്നു.