കോട്ടയം: തലയോലപ്പറമ്പില്‍ പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. ഇത് ചോദ്യം ചെയ്തെത്തിയ നാട്ടുകാരന് കുത്തേറ്റു.
ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേള്ക്കാത്തതിലായിരുന്നു തര്‍ക്കം. തലയോലപ്പറമ്പ് വടകര സ്വദേശികള്‍ക്കെതിരെ കേസെടുത്തു. ഇന്ധനം നിറയ്ക്കാനെത്തിയ വടകര സ്വദേശികളായ അജയ് സജി, അക്ഷയ് എന്നീ യുവാക്കളാണ് ജീവനക്കാരനെ മര്‍ദിച്ചത്. യുവാക്കളെ പിടിച്ചു മാറ്റാന്‍ ചെന്നവര്‍ക്കുനേരെയും ആക്രമണമുണ്ടായി.
വിഷുദിനത്തില്‍ അർധരാത്രിയിലാണ് സംഭവം. പിന്നീട് യുവാക്കളോട് വിഷയം ചോദിക്കാന്‍ ചെന്ന വി പി ഷാ എന്നയാള്‍ക്ക് തലയോലപ്പറമ്പ് ടൗണില്‍ വച്ച് കുത്തേറ്റു. ഇയാളുടെ മുതുകിലാണ് കുത്തേറ്റത്. സ്ക്രൂഡ്രൈവര്‍ പോലുള്ള വസ്തു കൊണ്ടുള്ള കുത്തേറ്റ ഇയാളുടെ മുറിവില്‍ എട്ടോളം തുന്നലിട്ടിട്ടുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. യുവാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.