തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ളത്. എന്നാൽ തന്റെ മകളുടെ പേര് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിലുണ്ടായിരുന്നില്ലെന്ന് പിതാവ് ബിജു എബ്രഹാം പറഞ്ഞു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയും മകളുടെ പേര് ഉൾപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇവർ ഇപ്പോൾ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവർ കൊടുങ്ങൂരിലേക്ക് താമസം മാറ്റിയത്. പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന് സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്ന് ആന്റസയുടെ പിതാവ് പറഞ്ഞു.
ട്രെയിനിംഗിന്റെ ഭാഗമായി ഒൻപത് മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്ന ആന്റസ ജോസഫ്. തിരിച്ചു ഇന്ത്യയിലേക്ക് വരും വഴിയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ആന്റസ ജോസഫ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും ബിജു എബ്രഹാം പറഞ്ഞു.
ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മൂന്ന് മലയാളികളാണ് ഉൾപ്പെട്ടിരുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ തന്റെ മകളും കപ്പലിൽ ഉണ്ടെന്നും ഇക്കാര്യം കൃത്യമായി കേന്ദ്രത്തെ അറിയിക്കാത്തതിൽ തനിക്ക് വിഷമമുള്ളതായും അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെടലുകൾ നടത്തണമെന്നും എബ്രഹാം ആവശ്യപ്പെട്ടു.
അതെസമയം ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്ക് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ഉടൻ അനുമതി നൽകുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിലുള്ള മൂന്ന് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചതിന് പിന്നാലെയാണ് ഇറാന്റെ നടപടി.ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി ഉടൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കർ ആഹ്വാനം ചെയ്തു. ഇറാനിലുള്ള ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടാൻ മേഖലയിലെ എംബസികൾക്ക് ഇന്ത്യ നിർദേശം നൽകി.സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.