‘പണം കടത്താന്‍ സാധ്യത’; രാഹുലിന്‍റെ ഹെലികോപ്റ്റര്‍ പരിശോധനയില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഹെലികോപ്റ്ററില്‍ നടത്തിയ പരിശോധനയില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പണം കടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധനയെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്ററുകളില്‍ കൂടി പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗൂഡല്ലൂരിൽ എത്തിയപ്പോഴാണ്, ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ നീലഗിരിയിൽ ആയിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം. രാവിലെ മൈസൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ രാഹുൽ എത്തിയത്. താലൂരിലെ എ. രാജയുടെ പ്രചാരണത്തിനായി സ്വകാര്യ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. രാഹുൽഗാന്ധി കോപ്റ്ററിൽ നിന്ന് വേദിയിലേക്ക് നീങ്ങിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. നിയമപ്രകാരം പരിശോധനയുടെ ദൃശ്യങ്ങളും ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ചിത്രീകരിച്ചു. രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് മോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കുന്നില്ലന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ ചോദിച്ചു.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഹെലികോപ്റ്റർ ആദായനികുതി വകുപ്പ് പരിശോധിച്ചത് ഉയർത്തി മമതാ ബാനർജിയും സമാന വിമർശനം ഉന്നയിച്ചു. അതിനിടെ രാഷ്ട്രീയ നേതാക്കളുടെ ഹെലികോപ്റ്ററുകൾ പരിശോധിക്കാന്‍ നിർദേശം നൽകിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ഹെലികോപ്റ്ററിൽ അടക്കം പണം കടത്താനുള്ള സാധ്യത മുന്നിൽകണ്ടാണ് ജാഗ്രത.

തമിഴ്നാട്ടിൽ വ്യാപകമായി പരിശോധന നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ 460 കോടിയാണ് ഇതുവരെ പിടികൂടിയത്. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനുമായി ബന്ധമുള്ളവരിൽ നിന്ന് മാത്രം നാലു കോടി പിടികൂടുകയും സ്ഥാനാർത്ഥിക്ക് സമൻസ് നൽകുകയും ചെയ്തു.

അതേസമയം പ്രധാനമന്ത്രിയുടെയോ, അമിത് ഷായടക്കം പ്രചാരണത്തിനായി സഞ്ചരിക്കുന്ന മറ്റ് നേതാക്കളുടെയോ ഹെലികോപ്റ്ററുകളില്‍ പരിശോധന നടന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.