തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോഹം എല്ലാവർക്കും ഉണ്ടാകാമെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ലെന്ന് കേരളത്തിൽനിന്ന് എം.പി വേണമെന്ന മോദിയുടെ പരാമർശത്തിനു മറുപടിയായി പിണറായി പറഞ്ഞു. മാരീച വേഷത്തിൽ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്നു കരുതരുത്. കേരളത്തില്‍ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിലെ എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ബി.ജെ.പി പ്രതിനിധി കേരളത്തിൽ നിന്നും പാർലമെന്റിൽ വേണമെന്നാണു പ്രധാനമന്ത്രിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. സാധാരണ ബി.ജെ.പി പ്രവർത്തകനുമാകാം. നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം. കേരളത്തില്‍ ഒരു സീറ്റിലും ബി.ജെ.പി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ലെന്നതാണ് വസ്തുത. മാരീച വേഷത്തിൽ വന്നു കേരളത്തെ മോഹിപ്പിച്ചു കളയാമെന്നു മോദി തെറ്റിദ്ധരിക്കരുത്. ബി.ജെ.പിയുടെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം.
കേരളത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന വാഗ്ദാനം വളരെ രസകരമായിരുന്നു. ഇന്നുള്ള കേരളം രാജ്യത്തും ലോകത്തും വലിയ തോതിൽ യശസ്സ് നേടിയ ഒരു സംസ്ഥാനമെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നരേന്ദ്രമോദി വന്നപ്പോൾ നാരായണഗുരുവിനെ പ്രകീർത്തിച്ച് പറയുന്നത് കേട്ടു. അങ്ങിനെ ഓർക്കാൻ കഴിയുന്നത് നല്ലതാണ്. ഇന്ന് ഈ നാട് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനും മാതൃകയാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഇവിടെ സ്വീകരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ മോദിയുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കരുവന്നൂരിലെ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. അതിൽ ക്രമവിരുദ്ധമായ വായ്പയുണ്ടെന്ന കാര്യം മനസ്സിലായി. കുറ്റക്കാരിൽനിന്ന് ബാങ്കിന് നഷ്ടപ്പെട്ട പണം ഈടാക്കാനുള്ള നടപടി 2019ൽ തന്നെ തുടങ്ങി. റവന്യൂ റിക്കവറി നടപടിയും സർക്കാർ തുടങ്ങി. പ്രതികൾ ആയവർ ഹൈക്കോടതിയെ സമീപിച്ച് മേടിക്കുകയായിരുന്നു. സഹകരണ വകുപ്പു കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വന്നപ്പോഴും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്നും പിണറായി പറഞ്ഞു.
ഒരു സ്ഥലത്ത് നടന്ന ക്രമക്കേടിന്റെ പേരിൽ എല്ലായിടത്തും കുഴപ്പമാണെന്ന തരത്തിലുള്ള പ്രചാരണത്തിൽ യോജിപ്പില്ല. 313.80 ലക്ഷം രൂപയാണ് നിക്ഷേപമായി ഉണ്ടായിരുന്നത്. കോടി രൂപയായിരുന്നു വായ്പ തിരിച്ചടവായി ബാങ്കിന് ലഭിക്കാൻ ഉണ്ടായിരുന്നത്. ഇതിൽ പ്രത്യേക പാക്കേജ് പ്രഖ്യാപനം നിക്ഷേപം മടക്കിനൽകാനുള്ള നടപടി ബാങ്ക് സ്വീകരിച്ചു. 103 കോടി രൂപയുടെ വായ്പ തിരിച്ചടവ് ഇതിനകം വന്നു. എട്ടു കോടി 45 ലക്ഷം രൂപയുടെ വായ്പ അനുവദിച്ച് സാധാരണ നിലയിലേക്ക് ബാങ്ക് മാറിയെന്നും കുറ്റക്കാർക്കെതിരായ നടപടിയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.