വടകര: വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ തുടരുകയാണെന്ന് വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശൈലജ. യു.ഡി.എഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും ശൈലജ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുകയാണ്. വൃത്തികെട്ട ഗൂഢസംഘമാണ് യു.ഡി.എഫിന്റെ പ്രചാരണത്തിലുള്ളത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു തേജോവധം അനുഭവിക്കുന്നത്. സ്ഥാനാർഥിയെന്ന നിലയിൽ തുടർച്ചയായി ആക്ഷേപം നടത്തുന്നു. വ്യാജ വിഡിയോ ഉണ്ടാക്കാൻ പ്രത്യേക സംഘം തന്നെ യു.ഡി.എഫിനുണ്ടെന്നും ശൈലജ ആരോപിച്ചു.
‘എന്റെ വടകര KL 11′ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനം പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും കെകെ ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.’ -കെകെ ശൈലജ പറഞ്ഞു.
ഏറ്റവുമൊടുവിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെന്ന പേരിൽ മാതൃഭൂമി ഓൺലൈനിന്റെ പേരിൽ വ്യാജവാർത്താ കാർഡ് പുറത്തിറക്കി. മാതൃഭൂമിയുമായി ബന്ധപ്പെട്ടപ്പോൾ ഓൺലൈനിൽ അങ്ങനെ ഒരുവാർത്ത കൊടുത്തിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. നേരത്തെ ഇതേപോലുള്ള വ്യാജപ്രചാരണം വന്നപ്പോൾ മാതൃഭൂമി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.
തനിക്കെതിരെ ഇസ്ലാം മതത്തിനിടയിൽ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിർ സ്ഥാനാർത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്. മകൾ മരിച്ച തന്റെ നാട്ടിലെ മമ്മൂട്ടിയെന്ന വ്യക്തിയെ പ്രകോപിപ്പിച്ച് തനിക്കെതിരെ അഭിമുഖം എടുത്ത് പ്രചരിപ്പിച്ചു. തന്നെ കരിതേച്ച് കാണിക്കുകയാണ്. തന്നെ ജനങ്ങൾക്ക് അറിയാം. തൊഴിലുറപ്പ് സ്ത്രീകൾക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു. താൻ പല പ്രമുഖർക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുൻ അനുഭവങ്ങൾ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നിൽ. ഇങ്ങിനെ പ്രവർത്തിച്ച് ജയിക്കാമെന്ന വ്യാമോഹം വേണ്ട. ജനം ഇതെല്ലാം മനസിലാക്കുമെന്നും ടീച്ചർ പറഞ്ഞു.
വ്യാജപ്രചാരണങ്ങൾക്കെതിരെ ചൊവ്വാഴ്ച തന്നെ പരാതി നൽകുമെന്നും വോട്ടർമാർ ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു. കെ.ടി.കുഞ്ഞിക്കണ്ണൻ, നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു, എടയത്ത് ശ്രീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.