തൃശൂർ: ഇറാൻ സൈന്യം പിടിച്ചെടുത്ത ‘എംഎസ്‌സി’ ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശിനി വീട്ടിലേക്ക് വിളിച്ചതായി റിപ്പോർട്ട്. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫാണ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചത്. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും പ്രശ്നങ്ങളെന്നും ഇല്ലെന്നും അറിയിച്ചതായാണ് വിവരം.
ഒരു മണിക്കൂർ നേരത്തേക്ക് ഫോൺ ഉപയോഗിക്കാനാണ് സൈന്യം അനുമതി കൊടുത്തത്. ഇനി എപ്പോൾ ഫോൺ ലഭിക്കുമെന്ന് അറിയില്ലെന്നും ഫോൺ കോൾ ചെയ്തില്ലെങ്കിൽ വിഷമിക്കരുതെന്നും ആൻ പറഞ്ഞെന്ന് കുടുംബം അറിയിച്ചു.
ഇറാന്‍ സൈന്യം കപ്പലിലുള്ളവർക്കു ഫോൺ കൊടുക്കുമെന്നും കപ്പലിൽനിന്നും ഫോൺ കോൾ ഏതുനിമിഷവും വന്നേക്കുമെന്നും എംബസിയിൽനിന്നു കുടുംബത്തിനു വിവരം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ആൻ ടെസ്സയുടെ ഫോൺ കോൾ കുടുംബത്തെ തേടിയെത്തിയത്.
കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മറ്റ് മലയാളികൾ. കപ്പലിലുള്ളവരുടെ മോചനം ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണു ഇവരുടെ കുടുംബം. 17 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ കപ്പലിൽ 25 ജീവനക്കാരുണ്ട്.