ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരിന് തുടർച്ചയായ അഞ്ചാം തോൽവി. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ ഐപിഎല്ലിലെ റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആർസിബിക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനാണ് സാധിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 287 റൺസാണ് നേടിയത്.
ചിന്നസ്വാമിയിൽ സ്വന്തം റെക്കോർഡ് തിരുത്തിയെഴുതിയാണ് സൺറൈസേഴ്സ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഈ സീസണിലാദ്യം മുംബൈ ഇന്ത്യൻസിനെതിരെ നേടിയ സ്വന്തം റെക്കോർഡ് പഴങ്കഥയാക്കിയ ഹൈദരാബാദ് 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് അടിച്ചുകൂട്ടിയത്. 41 പന്തിൽ 102 റൺസ് അടിച്ചുകൂട്ടിയ ട്രാവിസ് ഹെഡ്, 31 പന്തിൽ 67 റൺസെടുത്ത ഹെന്റിച്ച് ക്ലാസൻ എന്നിവർ ചേർന്നാണ് ബംഗളൂരുവിനെ തല്ലിയോടിച്ചത്. 10 പന്തിൽ 37 റൺസെടുത്ത അബ്ദുൽ സമദും 17 പന്തിൽ 32 റൺസെടുത്ത മാർക്രമും 22 പന്തിൽ 34 റൺസെടുത്ത അഭിഷേക് ശർമയും ഒത്ത പിന്തുണ നൽകി. 22 സിക്സറുകളാണ് ഹൈദരാബാദ് ബാറ്റർമാർ പറപ്പിച്ചത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നായകൻ ഫാഫ് ഡുെപ്ലസിയുടെ തീരുമാനം ബൗളർമാർ ആദ്യം മുതേലേ തെറ്റിച്ചു. റീസ് ടോപ്ലി 68 റൺസും വിജയകുമാർ വൈശാഖ് 64ഉം യാഷ് ദയാൽ 51ഉം ലോക്കി ഫെർഗൂസൺ 52ഉം റൺസാണ് വിട്ടുകൊടുത്തത്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റന്തിയ ആർസിബിക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വിരാട് കോലി – ഫാഫ് ഡു പ്ലെസിസ് സഖ്യം 80 റൺസ് കൂട്ടിചേർത്തു. എന്നാൽ 20 പന്തിൻ 42 റൺസെടുത്ത കോലിയെ ബൗൾഡാക്കി മായങ്ക് മർകണ്ഡെ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ വിൽ ജാക്സ് (7), രജത് പടീധാർ (9), സൗരവ് ചൗഹാൻ (0) എന്നിവർക്ക് തിളങ്ങാനായില്ല. ഇതിനിടെ ഫാഫിനെ (62) കമ്മിൻസും മടക്കി. മഹിപാൽ ലോംറോറും (19) മടങ്ങിയതോടെ ആർസിബി ആറിന് 181 എന്ന നിലയിലായി. ദിനേശ് കാർത്തിക് (35 പന്തിൽ 83 ) പൊരുതി നോക്കിയെങ്കിലും തോൽവി ഭാരം കുറയ്ക്കാൻ മാത്രമാണ് സാധിച്ചത്. ഹൈദരാബാദിന് വേണ്ടി കമ്മിൻസ് മൂന്നും മർകണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി.