റോം: ഇറ്റലിയിൽ മഞ്ഞുമലയിലെ മലയിടുക്കിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയൻ വ്യോമസേന. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവാണ് രക്ഷപ്പെട്ടത്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയതായിരുന്നു അനൂപ്. ട്രക്കിങ്ങിനിടെ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേക്ക് വീണു. പിന്നാലെ ശരീരം മഞ്ഞിൽ പുതഞ്ഞുപോവുകയായിരുന്നു.
അപകടം മനസ്സിലാക്കിയ സുഹൃത്ത് ഇറ്റലിയിലെ എമര്‍ജസി നമ്പറില്‍ വിളിച്ച് സഹായം അഭ്യർഥിച്ചു. രക്ഷാപ്രവര്‍ത്തകരുടെ രണ്ട് ഹെലികോപ്ടര്‍ ഉടനെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇറ്റാലിയന്‍ വ്യോമസേന ഹെലികോപ്ടര്‍ അനൂപിനെ മഞ്ഞുമലയില്‍നിന്ന് പുറത്തെത്തിക്കുകയായിരുന്നു.