താമരശ്ശേരി (കോഴിക്കോട്): അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിമാത്രം പുറത്തുവന്ന നിലയിൽ പാതിരാത്രി ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു മാറേണ്ടിവന്ന കുരുന്നുജീവൻ പൊലിഞ്ഞു. 4 മാസവും 2 ദിവസവും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന പെൺകുഞ്ഞാണു മരിച്ചത്. പുതുപ്പാടി ഈങ്ങാപ്പുഴ കോരങ്ങൽ ബിന്ദുവിനും കെ.ടി.ഗിരീഷിനും 8 വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കൺമണിക്കാണീ ദുർവിധി.
കൂലിപ്പണിക്കാരനായ ഗിരീഷും കുടുംബവും വാടകവീട്ടിലാണു താമസം. ഡിസംബർ 21നാണു പ്രസവം പറഞ്ഞിരുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡിസംബർ 13നു സ്കാനിങ് റിപ്പോർട്ട് കാണിച്ചപ്പോഴും കുഴപ്പമില്ലെന്നാണു ഡോക്ടർ പറഞ്ഞത്. അന്നു രാത്രി വേദന തുടങ്ങി വീണ്ടും ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞിന്റെ അരഭാഗം വരെ പുറത്തുവന്നിരുന്നു. ഡോക്ടറെ ഫോണിൽ വിളിച്ചപ്പോൾ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനാണു നിർദേശിച്ചത്.
എന്നാൽ, കൃത്യമായ പരിചരണം നൽകാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന അടിവസ്ത്രം കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവെന്നു ബിന്ദു പറഞ്ഞു. മെഡിക്കൽ കോളജിലെത്തി വൈകാതെ പ്രസവം നടന്നെങ്കിലും കുഞ്ഞിന്റെ തലച്ചോറിനു ക്ഷതമേറ്റിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു.
ആരോഗ്യമന്ത്രി, ഡിഎംഒ, താമരശ്ശേരി ഡിവൈഎസ്പി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർക്കു പലതവണ പരാതി അയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ചികിത്സപ്പിഴവില്ലെന്നാണ് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തിയതെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറയുന്നു.
Read also: പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു