ഭവനരഹിതരില്ലാത്ത കേരളം: നാലുലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു: പിണറായി വിജയന്‍

ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മുദ്രാവാക്യം. സംസ്ഥാനം സ്വപ്ന സാക്ഷാല്‍ക്കാരത്തോട് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുലക്ഷം വീടുകള്‍ എന്ന നാഴികക്കല്ല് കേരളം പൂര്‍ത്തിയാക്കിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 4,03,558 വീടുകളാണ്. 1,00,052 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. ഇതില്‍ എന്താണ് കേന്ദ്രത്തിന്റെ പങ്കാളിത്തം? പൂര്‍ത്തീകരിച്ച നാലു ലക്ഷം വീടുകളില്‍ പി.എം.എ.വൈ ഗ്രാമീണ്‍ പദ്ധതി വഴി 33,517 വീടുകള്‍ക്കും (72,000 രൂപ വീതം ) പി.എം.എ.വൈ അര്‍ബന്‍ വഴി 83261 വീടുകള്‍ക്കും (1,50,000 രൂപ വീതം )മാത്രമാണ് കേന്ദ്ര സഹായം ലഭിച്ചിട്ടുള്ളത്.

ലൈഫ് മിഷന്‍ ഇതുവരെ ആകെ ചെലവഴിച്ചത് 17490.33 കോടി രൂപ. അതിലെ കേന്ദ്ര വിഹിതം 2081.69 കോടി രൂപ മാത്രം. അതായത് 11.9 % മാത്രമാണ് പി.എം.എ.വൈ വഴി ലഭിച്ച കേന്ദ്ര സഹായം. രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എഴുപത് ശതമാനം വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്. എന്നിട്ടും ലൈഫ് മിഷന്‍ മുഴുവന്‍ കേന്ദ്ര സഹായമാണെന്ന് പറഞ്ഞു നടക്കുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍. അത് തന്നെയാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പറഞ്ഞതും പ്രകടന പത്രികയില്‍ ആവര്‍ത്തിച്ചതും. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് വേണമെന്നാണ് ആവശ്യം. കേരളത്തിന്റെ അനുഭവം ഇതാണെങ്കില്‍, മറ്റു സംസ്ഥാനങ്ങളുടെ കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ.

യുവജനങ്ങളോടുള്ള സമീപനമോ? തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറല്ല. തൊഴിലില്ലായ്മ സംബന്ധിച്ച സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തു വരാതിരിക്കാന്‍ കാട്ടിയ വ്യഗ്രതയാണ് ‘നേട്ടം’. തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ല്‍ 44 കോടിയായിരുന്നെങ്കില്‍ 2021 ആയപ്പോഴേയ്ക്കും 38 കോടിയായി കുറഞ്ഞു. അതേ സമയം തൊഴിലെടുക്കാന്‍ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയില്‍ നിന്നും 106 കോടിയായി ഉയരുകയും ചെയ്തു. തൊഴിലെടുക്കുന്നവരില്‍ സ്ത്രീകളുടെ ശതമാനം 2013-ല്‍ 36 ശതമാനം ആയിരുന്നെങ്കില്‍ 2021 ആയപ്പോള്‍ അത് 9.24 ശതമാനം ആയി കുറഞ്ഞു. സ്ഥിരം തൊഴില്‍ ഒരു സ്വപ്നം പോലും അല്ലാതായി മാറി. എട്ടുവര്‍ഷംകൊണ്ട് (2014-2022) കേന്ദ്ര ഗവണ്‍മെന്റ് സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നല്‍കിയത് വെറും 7.22 ലക്ഷം പേര്‍ക്കാണ്.

പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളില്‍ നിയമനം മരവിപ്പിച്ചു. റെയില്‍വേയില്‍ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. പട്ടാളത്തില്‍ പോലും സ്ഥിരം തൊഴിലുകള്‍ ഇല്ലാതാക്കി കരാര്‍ നിയമനങ്ങള്‍ കൊണ്ടുവരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പതുക്കെ പിന്മാറുകയാണ്. വര്‍ഷം രണ്ടുകോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപിയുടെ പ്രകടനമാണിത്.

കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കിയെന്നും അവകാശപ്പെടുന്ന പ്രകടന പത്രിക, ആര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത് എന്നതില്‍ മൗനം ദീക്ഷിക്കുകയാണ്. ഗ്യാരണ്ടി കിട്ടിയത് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കാണ്. കഴിഞ്ഞ 5 കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോര്‍പ്പറേറ്റ് ലോണുകളാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്.
പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏക സിവില്‍ കോഡ് അടക്കമുള്ള അജണ്ട മുന്‍നിര്‍ത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുക.
പ്രകടനപത്രികയില്‍ സ്വീകരിച്ച അതേ കാപട്യ സമീപനമാണ് ബിജെപി കേരളത്തോട് ഒരു സംസ്ഥാനമെന്ന നിലക്ക് നിരന്തരം സ്വീകരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് നടത്തിയ രണ്ടു പ്രസംഗങ്ങളിലും അതാണ് കണ്ടത്.

ഒറ്റ വിഷയം മാത്രം ഇവിടെ സൂചിപ്പിക്കാം. കടമെടുപ്പ് പരിധി വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരളത്തിന് തിരിച്ചടി എന്ന് പ്രധാന മന്ത്രി പറഞ്ഞത് കേട്ടു. കേരളത്തിന് തിരിച്ചടിയാണോ ഉണ്ടായത്?. ഭരണഘടനയിലെ 293(3) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് കേന്ദ്രം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിനുമേല്‍ കടന്നുകയറിയത്. കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയും കടമെടുക്കുന്ന തുക ‘ഓഫ് ബജറ്റ് ബോറോയിങ്’ ആയി പരിഗണിക്കുമെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട്.

കേന്ദ്ര സര്‍ക്കാരിനുകീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ എടുക്കുന്ന വായ്പ കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടില്‍ പെടുത്താത്തപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു നിലപാട്. ഈ നിലപാടിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിലെ എന്‍ട്രി 43 പ്രകാരം സംസ്ഥാന കടമെടുപ്പ് പൂര്‍ണമായും നിയമസഭയുടെ അധികാര പരിധിയിലുള്ളതാണ്. ഇതില്‍ നിയന്ത്രണങ്ങള്‍ വരുത്താനുള്ള കേന്ദ്രത്തിന്റെ അധികാര പ്രയോഗം ഭരണഘടനാ വിരുദ്ധമാണ്. ഇതാണ് കേരളം സുപ്രീം കോടതിയില്‍ ഉന്നയിച്ച കാതലായ വാദം. വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങള്‍ വിശദമായി പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയാണ് സുപ്രീം കോടതി ചെയ്തത്.

സംസ്ഥാനം ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അങ്ങനെയൊരു വിധി ഉണ്ടായത്. ഇതില്‍ എവിടെയാണ് സംസ്ഥാനത്തിന് തിരിച്ചടി?ഭരണഘടനാ ബെഞ്ചിനു മുന്നിലേക്ക് സംസ്ഥാനമുന്നയിച്ച വിഷയങ്ങള്‍ എത്തുന്നതോടെ കേരളത്തിന്റെ കേസിന് പുതിയ മാനങ്ങള്‍ ദേശീയ തലത്തില്‍ത്തന്നെ കൈവരികയാണ്. മറ്റ് സംസ്ഥാനങ്ങള്‍ കൂടി ഈ നിലയ്ക്ക് വരികയാണ്. രാജ്യത്തെ സാമ്പത്തിക ഫെഡറലിസത്തെ സംബന്ധിച്ച നിര്‍ണ്ണായകമായ കേസായി കേരളത്തിന്റെ വാദങ്ങള്‍ മാറുമെന്ന് ഉറപ്പായിരിക്കുകയുമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ പതിനായിരം കോടി കൂടി അനുവദിച്ച് ഇടക്കാല ആശ്വാസം നല്‍കണമെന്ന് കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടെ പ്രതിപക്ഷ നേതാവും ഇപ്പോള്‍ പ്രധാനമന്ത്രിയും കേരളത്തിന് തിരിച്ചടിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. കേരളം സുപ്രീം കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിച്ചാല്‍ മാത്രം പണം തരാമെന്ന നിലപാടിലായിരുന്നില്ലേ കേന്ദ്രം. ആ പിടിവാശി സുപ്രീം കോടതി അംഗീകരിച്ചില്ല. ഭരണഘടനാ ബെഞ്ചിനു കേസ് വിട്ടതോടെ കേരളത്തിന്റെ വാദങ്ങളുടെ പ്രസക്തി വര്‍ധിച്ചു. കേരളം ഉയര്‍ത്തിയ വാദങ്ങള്‍ സുപ്രിംകോടതിയുടെ ഭരണ ഘടനാ ബെഞ്ച് പരിശോധിക്കുന്നതാണോ തിരിച്ചടി?

കേരളത്തെ കുറിച്ച് കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന പ്രധാനമന്ത്രിയോട്, അദ്ദേഹം തന്നെ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ അംഗീകാരങ്ങള്‍ ഒന്ന് നോക്കണം എന്നഭ്യര്‍ത്ഥിക്കുകയാണ്. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ ഒന്നാമത്, ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം, ആരോഗ്യ സൂചികയില്‍ തുടര്‍ച്ചയായി നാല് വര്‍ഷവും ഒന്നാമത്, ഊര്‍ജ്ജ കാലാവസ്ഥ സൂചികയില്‍ രണ്ടാമത്, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുളള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ്, ഉയര്‍ന്ന ദിവസ വേതനമുള്ള സംസ്ഥാനമായി റിസര്‍വ് ബാങ്കിന്റെ അംഗീകാരം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയില്‍ ഒന്നാമത്. മികച്ച വാര്‍ദ്ധക്യ പരിചരണത്തിന് വയോശ്രേഷ്ഠതാ സമ്മാന്‍ -ഇങ്ങനെ അംഗീകാരങ്ങളുടെ നീണ്ട പട്ടികയുണ്ട്. ഇതെല്ലാം വഴി പോകുമ്പോള്‍ കളഞ്ഞു കിട്ടിയതാണോ? ഒരു തരത്തിലും അവഗണിക്കാന്‍ കഴിയാത്തത്രയും ഉയരത്തില്‍ നില്‍ക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് രാഷ്ട്രീയമായ വേട്ടയാടലിലും കേരളത്തെ അംഗീകരിക്കേണ്ടി വരുന്നത്. മേല്‍പ്പറഞ്ഞ റാങ്കിങ്ങുകളില്‍ ഉത്തര്‍പ്രദേശ് എത്രാം സ്ഥാനത്തു നില്‍ക്കുന്നു എന്നത് വരാണസി എംപി കൂടിയായ പ്രധാനമന്ത്രി സ്വയം ചോദിച്ചു നോക്കുന്നത് നന്നാവും.