വിഷാദഭാവം, വിഷാദരോഗം ഇങ്ങനെ രണ്ടു തരത്തിലാണ് ഡിപ്രഷൻ. വിഷാദഭാവം എല്ലാവരിലും വന്നുപോകും. എന്നാൽ രണ്ടാഴ്ചയിലധികം വിഷാദലക്ഷണങ്ങൾ നീണ്ടുനിന്നാൽ വിഷാദരോഗമായി കണക്കാക്കണം. ജനിതകമായി കിട്ടിയ ദുർബലതകൾക്കു പുറമേ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള സമ്മർദവും അനുഭവങ്ങളും ഉണ്ടാകുമ്പോൾ വിഷാദം പൊട്ടിമുളച്ചു തുടങ്ങും. ഇവയ്ക്കൊപ്പം നെഗറ്റീവ് ഓട്ടമാറ്റിക് തോട്ട് എന്ന, ചിന്തകളുടെ ഗുണനപ്പെരുക്കവുമൊക്കെ ചേർന്ന് മനസ്സിന്റെ സന്തുലനം തെറ്റിക്കുമ്പോൾ വിഷാദരോഗമായി.
കുട്ടികളിൽ പഠനഭാരം, യുവതീയുവാക്കളിൽ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും സാമ്പത്തിക പിരിമുറുക്കവും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും, പ്രായമായവരിൽ റിട്ടയർമെന്റിനു ശേഷമുള്ള ശൂന്യതയും പങ്കാളിയുടെ വിയോഗം എന്നിവയെല്ലാം വിഷാദത്തിനു കാരണങ്ങളായി പറയപ്പെടുന്നു.
ഈ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ചിലർ ഇതിൽ നിന്നു സ്വയം കര കയറും. മറ്റു ചിലർ ഇതിലേക്ക് ആഴ്ന്നു പോകും. വിഷാദത്തിൽനിന്നു രക്ഷപ്പെടാനുള്ള ഓരോ പഴുതും അതനുഭവിക്കുന്നവർ അറിഞ്ഞോ അറിയാതെയോ തിരഞ്ഞുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ചിലർക്കു മുന്നിൽ തുറക്കുന്ന വാതിലുകളാണ് അസാധാരണമായ പെരുമാറ്റ വൈകല്യങ്ങൾ അഥവാ അസാധാരണമായ വിഷാദലക്ഷണങ്ങൾ എന്നു പറയാം.
വിഷാദം തിരിച്ചറിയപ്പെടാതെ പോയാൽ അപകടം തന്നെയാണ്. അകാരണമായ ദേഷ്യം, അക്രമവാസന, അമിതഭക്ഷണം, ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവും കൂടുതലും, എപ്പോഴും അലട്ടുന്ന വേദനകൾ, അസ്വസ്ഥകൾ, ഒറ്റപ്പെട്ടുള്ള ഇരിപ്പ്, ഉത്സാഹക്കുറവ്, ക്ഷീണം എന്നിവയൊക്കെ കണ്ടാൽ വിഷാദസാധ്യത സംശയിക്കണം.
വിഷാദത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
ദേഷ്യം
ദുഖമോ നിരാശയോ മാത്രമല്ല, വിഷാദത്തിന്‍റെ ലക്ഷണങ്ങളായി വരുന്നത്. നിങ്ങള്‍ ചിന്തിക്കാത്ത, ഊഹിക്കാത്ത ചില ലക്ഷണങ്ങളും ഇതിനുണ്ടാകാം. അത്തരത്തിലൊരു ലക്ഷണമാണ് മുൻകോപവും അസ്വസ്ഥതയും. എന്നാലീ പ്രശ്നങ്ങള്‍ വിഷാദത്തിന്‍റേതായി കരുതപ്പെടാറോ, കണക്കാക്കപ്പെടാറോ ഇല്ല. മറ്റുള്ളവരോട് ക്ഷമയില്ലാതെ പെരുമാറുക, നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുക- പൊട്ടിത്തെറിക്കുക, സ്വയം തന്നെ ദേഷ്യം വരികയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കാം.
ക്ഷീണം
ഡിപ്രഷൻ ശരീരത്തെയും മോശമായി ബാധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അസാധാരണമായ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാം. ശരിയായി ഉറങ്ങിയാലും വിശ്രമിച്ചാലുമൊന്നും ഈ ക്ഷീണത്തിന് ആക്കം ലഭിക്കണമെന്നില്ല. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യാം.
ദഹനപ്രശ്നങ്ങൾ
വിഷാദരോഗികളില്‍ ഒളിച്ചിരിക്കുന്നതെന്ന് പറയപ്പെടാൻ സാധിക്കുന്നൊരു ലക്ഷണമാണ് ദഹനപ്രശ്നങ്ങള്‍. വയറ്റില്‍ അസ്വസ്ഥത, ദഹനക്കുറവ്, ഓക്കാനം, വയര്‍ കെട്ടിവീര്‍ക്കല്‍, വയറുവേദന എല്ലാം വിഷാദരോഗികളില്‍ നിത്യേനയെന്നോണം കാണാവുന്ന ലക്ഷണങ്ങളാണ്.
ശൂന്യത
ഡിപ്രഷൻ എന്നാല്‍ എപ്പോഴും ദുഖമായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ഒരു വികാരങ്ങളും തോന്നാത്ത മരവിച്ച അവസ്ഥയും വിഷാദത്തില്‍ ഏറെ പേര്‍ അനുഭവിക്കാറുണ്ട്. തീര്‍ത്തും ശൂന്യമായ അവസ്ഥ നേരിടുക. ഒന്നിലും താല്‍പര്യമില്ലാത്ത- ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ദുഖമോ സന്തോഷമോ ഒന്നും അനുഭവപ്പെടാത്ത അവസ്ഥ.
സന്തോഷം
വിഷാദരോഗികള്‍ പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാൻ ബോധപൂര്‍വം ശ്രമം നടത്താം. ഇതിന്‍റെ ഭാഗമായി സന്തോഷം അഭിനയിക്കുകയും ചെയ്യാം. ഇത്തരത്തില്‍ കൃത്രിമമായി കൊണ്ടുവരുന്ന സന്തോഷമാണ് വിഷാദത്തിന്‍റെ മറ്റൊരു ലക്ഷണം. തമാശ പറയുകയും, ചിരിക്കുകയും, മറ്റുള്ളവരോട് സന്തോഷപൂര്‍വം ഇടപെടുകയും ചെയ്ത ശേഷം ഒറ്റക്കാകുമ്പോള്‍ തകര്‍ന്നുപോകാം. അസഹനീയമായ ഏകാന്തതയും ശൂന്യതയും വലയ്ക്കാം. അല്ലെങ്കില്‍ കടുത്ത ദുഖമോ കുറ്റബോദമോ എല്ലാം തോന്നാം.
ദേഹം വേദന
വിഷാദമുള്ളപ്പോൾ തോൾ വേദന, കൈ കാൽ കഴപ്പ്, തലവേദന തുടങ്ങിയ കാര്യങ്ങളൊക്കെ സംഭവിക്കും. ബ്രെയിൻ വിഷാദത്തിനോട് പൊരുതുന്ന അവസ്ഥയിൽ അവ ശാരീരികമായും ബാധിക്കുവാൻ ആരംഭിക്കും
വിഷാദരോഗത്തിന് കൃത്യമായ ചികിത്സയുണ്ട്. നാം നിത്യജീവിതത്തില്‍ നേരിടുന്ന ഏതൊരു ആരോഗ്യപ്രശ്നങ്ങളെയും പോലെ തന്നെയാണ് മാനസികാരോഗ്യപ്രശ്നങ്ങളും. ഇക്കാര്യത്തില്‍ മടിയോ, ദുഖമോ കരുതേണ്ടതില്ല. വിഷാദം നേരിടുന്നവര്‍ക്ക് ഏറ്റവുമധികം ആവശ്യമായിട്ടുള്ളത് അവരുടെ പ്രിയപ്പെട്ടവരുടെ സ്നേഹപൂര്‍ണമായ പെരുമാറ്റവും സാമീപ്യവുമാണ്. ഇത് ചികിത്സയോടൊപ്പം തന്നെ രോഗിക്ക് വലിയ രീതിയില്‍ ഗുണകരമാകും.