പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പരിണിത ഫലങ്ങള്‍ മറ്റു രാജ്യങ്ങളും അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ്. മനുഷ്യരെ പച്ചയ്ക്കു കൊന്നു തീരാത്ത ഇസ്രയേലും, ദയാവധത്തിനു വിധേയമായിരിക്കുന്ന പാലസ്തീനും ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. യുദ്ധവും സമാധാനവും എന്നത് ഈ രണ്ടു രാജ്യങ്ങളും പഠിപ്പിക്കുന്നുണ്ട്. പക്ഷെ, യുദ്ധത്തില്‍ ഭാഗഭാക്കാവാത്ത ഇന്ത്യയും ഈ യുദ്ധക്കെടുതിയില്‍ പെട്ടിരിക്കുകയാണ്. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ അകപ്പെട്ട 17 ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള ഇടപെടലുകള്‍ ശക്തമാക്കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. അതിനിടെ പിടിക്കപ്പെട്ട 17 ഇന്ത്യാക്കാരില്‍ മലയാളിയായ യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു.
മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടതായി ബിജു പറഞ്ഞു. കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഫോര്‍മുസ് കടലിടുക്കില്‍ നിന്നാണ് ഇസ്രായേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് മലയാളികള്‍ കപ്പലില്‍ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അതിനിടയിലാണ് തിങ്കളാഴ്ച 17 പേര്‍ക്ക് പുറമെ ആന്‍ ടെസയും കപ്പലില്‍ ഉണ്ടെന്ന് അറിയുന്നത്. അതേസമയം, ടെഹ്റാന്‍ പിടിച്ചെടുത്ത ഇസ്രയേലുമായി ബന്ധമുള്ള കപ്പലിലുള്ള 17 ഇന്ത്യന്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിറാബ്ദുള്ളാഹിയാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് പറഞ്ഞു.
ഇതുസംബന്ധിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്താവനയില്‍ പറയുന്നത്, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ജയശങ്കര്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയവുമായി ഫോണില്‍ ബന്ധപ്പെട്ടു. എംഎസ്സി ഏരീസിലെ 17 ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ ടെഹ്റാനില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, പിടിച്ചെടുത്ത ചരക്ക് കപ്പലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തന്റെ സര്‍ക്കാര്‍ പിന്തുടരുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ക്രൂവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സാധ്യത ഉടന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 13 നാണ് കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇസ്രായേലുമായി ബന്ധിപ്പിച്ചിരിക്കുന്ന കപ്പലില്‍ റെയ്ഡ് ചെയ്തത്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാനിയന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി 300 ഓളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പല്‍ പിടിച്ചെടുത്തത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീന്‍ എന്‍ക്ലേവിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുന്നതിനും യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിലൂടെ ഇന്ത്യയുടെ പങ്ക് തുടരണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.