തെരഞ്ഞെടുപ്പുകാലത്തു തന്നെ റോഡു വികസനമെന്ന പൊല്ലാപ്പ് വന്നതില്‍ പ്രാകുന്നത് സ്ഥാനാര്‍ത്ഥികളാണ്. ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന ശശി തരൂരിന് ഇപ്പോള്‍ ആകെപ്പാടെ പുകച്ചിലാണ്. കഴിഞ്ഞ മൂന്നു തവണയും വിശ്വപൗരന്‍ എന്ന നിലയില്‍ പേരും പെരുമയും കൊണ്ട് രക്ഷപ്പെട്ടെങ്കിലും ഇത്തവണ പെട്ടു. പെട്ടു എന്നു പറഞ്ഞാല്‍പ്പോര, ശരിക്കും പെട്ടു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് ഇതിനു കാരണം.
വിശ്വപൗരന്റെ നിറം കെടുത്തിയ അക്കാഡമീഷ്യനായിട്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ വരവ്. പോരെങ്കില്‍ കേന്ദ്ര സഹമന്ത്രിയെന്ന പേരും. ധനമന്ത്രി നിര്‍മ്മല സീതാരാമനും, പഴയ ഐഎസ്.ആര്‍.ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരും, നടി ശോഭനയുമൊക്കെ തലസ്ഥാനത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കേട്ടത്.
എന്നാല്‍, അതെയും താണ്ടി രാജീവ് ചന്ദ്രശേഖര്‍ എന്ന കോര്‍പ്പറേറ്റ് വന്നതോടെ കളി കാര്യമായി. ഈ രണ്ടു വിശ്വ സ്ഥാനാര്‍ത്ഥികളിലൊന്നും പെടാത്തൊരു പാവം മനുഷ്യനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹം ഒരു മനുഷ്യ സ്‌നേഹിയും, സാധാരണക്കാര്‍ക്കൊപ്പം ജീവിക്കുന്ന ആളുമാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ പോലും തലസ്ഥാനത്തിനു വേണ്ട.
അദ്ദേഹത്തിന്റെ പേര് പന്ന്യന്‍ രവീന്ദ്രന്‍. പേരിനൊപ്പമുള്ള പന്ന്യന്‍ എന്ന സ്ഥല നാമമില്ലെങ്കില്‍ അദ്ദേഹം തലസ്ഥാന വാസിയായ രവീന്ദ്രനാണ്. അത്രയേറെ ഈ നാടിനോട് ചേര്‍ന്നു ജീവിക്കുകയാണ് അദ്ദേഹം. ഇതില്‍ ആരെയാണ് തലസ്ഥാനം ‘തല’യാക്കുന്നത്. ആര്‍ക്കാണ് തലക്കനം കൂടുതല്‍. ആരിലാണ് തലസ്ഥാനത്തോടുള്ള യഥാര്‍ഥ സ്‌നേഹം തുടിക്കുന്നത്.
ഇതറിയാന്‍ ഇനിയും കുറച്ചു ദിവസം കൂടി കാത്തിരിക്കണം. എന്നാല്‍, വോട്ടിടലും വോട്ടെണ്ണലുമൊന്നുമല്ല. തലസ്ഥാന നഗരത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം. മര്യാദയ്ക്കു നടക്കാനുള്ള നടപ്പാത വേണം. നല്ല റോഡു വേണം. ഉഴുതു മറിച്ചിട്ട റോഡുകളില്‍ കിളയ്ക്കാനിറങ്ങുന്നവരെപ്പോലെ എത്രനാളായി ജനങ്ങള്‍ നരകിക്കുന്നു. എന്നാല്‍, നഗരത്തെ സ്മാര്‍ട്ട് സിറ്റി ആക്കാനുള്ള തത്രപ്പാടിലാണ് ഭരണകൂടം.
ചെയ്തു തുടങ്ങിയപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നു കരുതിയതാണ്. പക്ഷെ, പൊളിച്ചിട്ടതോടെ പണി ഇഴഞ്ഞു തുടങ്ങി. ഇതോടെ വേഗത്തില്‍ പൊളിക്കാനേ കഴിയൂ എന്നും, വേഗത്തില്‍ പൂര്‍ത്തിയാക്കാനാവില്ല എന്നും ഭരണകൂടത്തിനും, കരാറുകാര്‍ക്കും മനസ്സിലായി. തെരഞ്ഞെടുപ്പുകാലത്തു തന്നെ ഈ മണ്ടത്തരം കാട്ടിയതില്‍ ഇപ്പോഴാണ് എല്ലാവര്‍ക്കും കുറ്റബോധം തോന്നുന്നത്.
ട്വിന്‍സിറ്റി, സ്‌കൈ സിറ്റി, മെട്രോ സിറ്റി തുടങ്ങിയ വ്യാമോഹങ്ങള്‍ നഗരവാസികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. ഇതൊന്നും ഒരുകാലത്തും നടപ്പാകില്ലെന്ന് ഇപ്പോ മനസ്സിലായി. ശശിതരൂരിന്റെ ഒരു പ്രഖ്യാപനമായിരുന്നു ഇതൊക്കെയും. നഗരത്തില്‍ ഒരു മോണോ റെയിലോ, മെട്രോ റെയിലോ, ലൈറ്റ് മെട്രോയോ നടപ്പാക്കാന്‍ കഴിയാത്തവരാണ് ഭരിക്കുന്നവരും വീണ്ടും മത്സരിക്കുന്നവരും.
മുടങ്ങാതെ റേഷന്‍ വിതരണം, ക്ഷേമ പെന്‍ഷനുകള്‍, നല്ല റോഡുകള്‍, പൊു ഗതാഗത സംവിധാനം ഇവയൊക്കെയേ സാധാരണ ജനം ആഗ്രഹിക്കുന്നുള്ളൂ. ഇത്തരം പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത കോര്‍പ്പറേറ്റ് വിശ്വപൗരന്‍മാരെക്കാള്‍ യോഗ്യന്‍ പന്ന്യന്‍ രവീന്ദ്രന്‍ തന്നെ.