ബിഗ് ബോസ് മലയാളം സീസൺ 6 നെതിരെ ധാരാളം വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കഴിഞ്ഞദിവസമാണ് ബിഗ് ബോസ് സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുമായി ഒരു അഭിഭാഷകൻ രംഗത്ത് എത്തുന്നത്. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് ആണ് ഹർജി നൽകിയത്. കോടതിക്ക് പുറമെ പോലീസിനും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. ബിഗ് ബോസ് മലയാളം പരിപാടിയുടെ കണ്ടന്റ് പരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം 5 ലെ വിജയിയായ അഖിൽ മാരാർ. ബിഗ് ബോസ് സീസൺ 6 കാണാറുണ്ടോ എന്ന ചോദ്യം കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ കേട്ട ആളാണ് താനെന്നും ഉത്തരം കാണാറില്ല എന്നാണെന്നും അഖിൽ പറയുന്നു. തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടുവെന്നും ഇത് തന്റെ മാത്രം അനുഭവം ആണെന്നും അഖിൽ പറയുന്നു.
പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിനെതിരെ ഒരു വക്കീൽ കേസ് കൊടുത്തു. നല്ല കാര്യം നാലാളുടെ മുന്നിൽ താൻ വക്കീൽ ആണ് എന്നറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനപ്പുറം വക്കീലിന് മറ്റൊരു ഉദ്ദേശ്യവും ഇല്ലെന്നും ഇനി നാട് നന്നാക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ ബിഗ് ബോസ്സ് മാത്രം നിരോധിച്ചാൽ മതിയോ എന്നും അഖിൽ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അഖിലിന്റെ പ്രതികരണം.
അഖിൽ മാരാർ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ്
ബിഗ് ബോസ്സ് സീസൺ 6കാണാറുണ്ടോ..? കഴിഞ്ഞ ഒരു മാസത്തിനിടെ ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യം. ഉത്തരം : കാണാറില്ല.. എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടു. ഇത് എന്റെ മാത്രം അനുഭവം ആണ്. നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല.. പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിനെതിരെ ഒരു വക്കീൽ കേസ് കൊടുത്തു… നല്ല കാര്യം നാലാളുടെ മുന്നിൽ താൻ വക്കീൽ ആണ് എന്നറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനപ്പുറം വക്കീലിന് മറ്റൊരു ഉദ്ദേശ്യവും ഇല്ല…
ഇനി നാട് നന്നാക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ ബിഗ് ബോസ്സ് മാത്രം നിരോധിച്ചാൽ മതിയോ… കുട്ടികളെ വഴി തെറ്റിക്കുന്ന സിനിമകൾ.. യൂ ടൂബിലെ ചില കോമാളികളുടെ വ്ലോഗുകൾ.. കുടുംബങ്ങളിൽ നെഗറ്റീവ് മാത്രം പകരുന്ന സീരിയലുകൾ അതിനേക്കാൾ ഉപരി കുട്ടികളെയും യുവാക്കളെയും അടിമകൾ ആക്കി നശിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ…. എത്രയോ മോശം സിനിമ നമുക്കിടയിൽ ഇറങ്ങിയിട്ടുണ്ട് അത് കൊണ്ട് സിനിമ നിരോധിക്കാൻ ആരെങ്കിലും പറയുമോ… എത്രയോ മോശം ജഡ്ജിമാർ കാശ് വാങ്ങി വിധി പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് നീതിന്യായ വ്യെവസ്ഥ പൂർണമായും നിരോധിക്കണോ..
എത്രയോ വക്കീലന്മാർ കേസ്സില്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലാതെ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു അത് കൊണ്ട് കുട്ടികൾ ആരും ഇനി നിയമം പഠിക്കണ്ട എന്നാരെങ്കിലും പറയുമോ…? എല്ലാത്തിലും നല്ലതും മോശവും ഉണ്ട്.. നല്ലതിനെ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും… സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരിയാണ് വ്ലോഗറാണ്.. ഈ ബുൾ ജെറ്റ് എന്ന കുട്ടികളും സഞ്ചാരികൾ ആണ് വ്ലോഗർമാർ ആണ്.. രണ്ട് പേരെയും ആരെങ്കിലും ഒരു തുലാസിൽ കെട്ടുമോ..
അത് കൊണ്ട് കാണുന്നവർ കാണട്ടെ അല്ലാത്തവർ അവർക്കിഷ്ട്ടമുള്ള മറ്റ് കാര്യങ്ങൾ ചെയ്യട്ടെ… മറ്റൊരാളുടെ ഇഷ്ടത്തിൽ ഇടപെടാൻ നിങ്ങളെ ആരാണ് ഏർപ്പാടാക്കിയത്… ചൊറിയും കുത്തിയിരുന്ന വക്കീലിന് ഈ വാർത്തയുടെ പേരിൽ നാല് കേസ് കിട്ടുന്നെങ്കിൽ കിട്ടട്ടെ… ഏഷ്യാനെറ്റിനും ബിഗ് ബോസിനും കാശ് മുടക്കാതെ മറ്റ് ചാനലിൽ വരെ സൗജന്യ പരസ്യം.. അല്ലാതെ അതിൽ കൂടുതൽ എന്ത് സംഭവിക്കാൻ…