ഷാപ്പിലെ ഫുഡ്.. ഷാപ്പിലെ ഫുഡ്.. അതിന്റെ ടേസ്റ്റ് എന്നിങ്ങനെയൊക്കെ പറയാറുണ്ടല്ലേ? ഷാപ്പിൽ പോകുന്നത് കള്ളിന് മാത്രമല്ല. നല്ല ഉഗ്രൻ ഭക്ഷണം കഴിക്കാൻ പോകുന്നവരുമുണ്ട്. കള്ളുഷാപ്പിലെ വിഭവങ്ങള്‍ സ്വാദേറിയവയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കാരണം, തനി നാടൻ ഭക്ഷണമായിരിക്കും കള്ളുഷാപ്പിലേത്. ഇന്ന് ഷാപ്പ് സ്റ്റൈലിൽ ഒരു മീൻ കറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മീന്‍-അരക്കിലോ
- കുടംപുളി-5
- ചെറിയുള്ളി-200 ഗ്രാം
- ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-2 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- ഉണക്കമുളക്-5
- മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
- കറിവേപ്പില
- കടുക്
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി അല്‍പസമയം വയ്ക്കുക. കുടംപുളിയും ഉണക്കമുളകും ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. ഉണക്കമുളകും അല്‍പം മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ചെറിയുള്ളി നല്ലപോലെ ഇടത്തരമായി ചതച്ചെടുക്കണം. മണ്‍ചട്ടി ചൂടാകുമ്പോള്‍ പാകത്തിനു വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതിലേയ്ക്കു കറിവേപ്പിലയിട്ടു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി എന്നിവയും ചേര്‍ത്തു വഴറ്റണം. ഇതിലേയ്ക്ക ചെറിയുള്ളി ചതച്ചതു ചേര്‍ത്തു മൂപ്പിയ്ക്കുക. ശേഷം അരച്ചുവച്ച മസാല ചേര്‍ത്തു നല്ലപോലെ ഇളക്കുക. കുടംപുളി വെള്ളത്തോടെ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ചെറിയ ചൂടില്‍ വെന്തു കറിയല്‍പം കുറുകുന്നതു വരെ വച്ചു വാങ്ങുക. വെളിച്ചെണ്ണയില്‍ കറിവേപ്പില, കടുക് എന്നിവ താളിച്ചു ചേര്‍ക്കാം. നല്ല ഉഗ്രൻ മീൻ കറി തയ്യാർ.