തൈര് സാദം, സാമ്പാർ സാദം എന്നിങ്ങനെ കേൾക്കുമ്പോൾ തമിഴ്‌നാട് ഭക്ഷണമാണ് ഓർമയിൽ വരാറ് അല്ലെ? സ്വാദില്‍ മികച്ചവയാണ് തമിഴ്‌നാട്ടിലെ വിഭവങ്ങള്‍. സാമ്പാറും ചോറുമെല്ലാം മലയാളികളെപ്പോലെ തമിഴ്‌നാട്ടിലെയും പ്രശസത വിഭവങ്ങളുമാണ്. സാമ്പാറും ചോറും കലര്‍ത്തിയ ഒരു ഭക്ഷണമാണ് സാമ്പാര്‍സാദം. ഇനി സാമ്പാർ സാദം കഴിക്കാൻ പുറത്തു പോകേണ്ട, വീട്ടിൽ തന്നെയുണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- അരി-1 കപ്പ്
- സാമ്പാര്‍ പരിപ്പ്-1 കപ്പ്
- മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- സാമ്പാര്‍ മസാല-1 ടേബിള്‍ സ്പൂണ്‍
- കടുക്-അര ടേബിള്‍ സ്പൂണ്‍
- പുളി-1 ടേബിള്‍ സ്പൂണ്‍ (വെള്ളത്തില്‍ കുതിര്‍ത്തത്)
- കായം – ഒരു നുള്ള്
- നെയ്യ്-2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- കറിവേപ്പില
- പച്ചക്കറികള്‍
- തക്കാളി-1 (മുറിച്ചത് )
- ക്യാരറ്റ്-1
- ഉരുളക്കിഴങ്ങ്-1 (വേവിച്ചു കഷ്ണങ്ങളാക്കിയത്)
- സവാള-1 (നുറുക്കിയത്)
തയ്യറാക്കുന്ന വിധം
അരിയും പരിപ്പും കഴുകിയെടുക്കുക. ഇത് വെള്ളത്തിലിട്ട് മൂന്നു മണിക്കൂര്‍ വയ്ക്കണം. ഒരു പ്രഷര്‍ കുക്കര്‍ ചൂടാക്കി ഇതിലേയ്ക്കു നെയ്യൊഴിയ്ക്കുക. അരിയും പരിപ്പും വെള്ളം കളഞ്ഞ് ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, സാമ്പാര്‍ മസാല, ഉപ്പ്, കായം എന്നിവ ഇതിലേയ്ക്കിട്ടിളക്കുക. ഇതിലേയ്ക്ക് പുളിവെള്ളവും രണ്ടു കപ്പ് വെള്ളവും ചേര്‍ക്കണം. മൂന്നു നാലു വിസില്‍ വരുന്ന വരെ ഇതു വേവിയ്ക്കണം. ഒരു പാനില്‍ വെളിച്ചെണ്ണയോ ഓയിലോ ചൂടാക്കുക. കടുകു പൊട്ടിച്ച ശേഷം പച്ചക്കറികള്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റുക. വെന്ത ചോറിലേയ്ക്ക് ഇതു ചേര്‍ത്ത് ഇളക്കുക. സാമ്പാര്‍ സാദം തയ്യാര്‍.