റായ്പൂർ: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ഛത്തീസ്ഗഡ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വെടിവെപ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അവരുടെ നില അപകടനില തരണം ചെയ്തതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പരിക്കേറ്റ ജവാന്മാരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി വിമാനമാർഗം ഉയർന്ന കേന്ദ്രത്തിലേക്ക് മാറ്റുകയാണ്. ഏപ്രിൽ 19ന് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഏറ്റുമുട്ടൽ. ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ തിരച്ചിലിനിടെ സി.പി.ഐ മാവോയിസ്റ്റ് അംഗങ്ങൾ വെടിയുതിർക്കുകയായിരുന്നെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. ഇതോടെ സുരക്ഷാ സൈന്യം തിരിച്ചടിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് നേതാവായ ശങ്കർ റാവുവും ഉൾപ്പെട്ടതായാണ് വിവരം. ഏഴ് എ.കെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റ സുരക്ഷാ സൈനികരുടെ നില ഗുരുതരമല്ല.
ഛത്തീസ്ഗഡിൽ ഏപ്രിൽ 19, 26, മേയ് ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ്. മാവോവാദി സ്വാധീനമുള്ള മേഖലയിൽ കനത്ത സൈനിക വിന്യാസമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയിരിക്കുന്നത്.