മരണ നിരക്ക് ഏറ്റവും കൂടുതലുള്ള അർബുദ രോഗങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. അതേസമയം നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു രോഗം കൂടിയാണിത്. പലപ്പോഴും രോഗ നിർണയം നടത്തുന്നത് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ്. ഇതാണ് നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാൻ കാരണം. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പലപ്പോഴും അസഹ്യമായ വയർ വേദനയെ തുടർന്ന് ചികിത്സ തേടുമ്പോഴായിരിക്കും രോഗനിർണയം നടക്കുന്നത്.
വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസില അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ.
അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മഞ്ഞപ്പിത്തം അല്ലെങ്കില്‍ ചർമ്മത്തില്‍ കാണപ്പെടുന്ന മഞ്ഞനിറം, കണ്ണുകളിലെ മഞ്ഞ നിറം തുടങ്ങിയവ പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതും ചിലപ്പോള്‍ പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്താല്‍ നിസാരമായി കാണേണ്ട.
ലക്ഷണങ്ങൾ എന്തെല്ലാം?
- ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവയൊക്കെ സൂചനയാകാം.
- മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മലബന്ധവും മലത്തില്‍ നിറം മാറ്റം കാണുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
- കാലുകളിലെ ഞരമ്പില്‍ രക്തം കട്ടപിടിക്കുന്നതും ഒരു സൂചനയാകാം.
- ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം.
- ചിലരില്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.
- പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാമെങ്കിലും, ഈ ക്യാന്‍സറിന്‍റെ ലക്ഷണമായും അമിത ക്ഷീണം, തളര്‍ച്ച, ബലഹീനത തുടങ്ങിയവ ഉണ്ടാകാം.
പുകവലിക്കാർ ജാഗ്രത പാലിക്കുക
മിക്ക കാൻസർ രോഗങ്ങളിലും കണ്ടുവരുന്നത് പോലെ രോഗ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകവലി. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത പലമടങ്ങ് കൂടുതലാണ്.
സിഗരറ്റ്, ബീഡി, ചുരുട്ട്, മുറുക്കാൻ ഉൾപ്പെടെ പുകയിലയുടെ ഉപയോഗം വഴി ഏറെ ഹാനികരമായ നിരവധി രാസവസ്തുക്കളാണ് ശരീരത്തിലേക്ക് എത്തുന്നത്. ഇവയിൽ പലതും ഡി.എൻ.എയെ തകരാറിലാക്കുന്നത്ര അപകടകാരികളാണ്.
ഇത് ശരീര വളർച്ചക്ക് ഏറ്റവും അത്യാവശ്യമായ കോശവിഭജനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോശവിഭജനം അനിയന്ത്രിതമായ വർധിക്കുന്നത് കാൻസറിന് കാരണമാകും. പാൻക്രിയാസിന് പുറമേ വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി തുടങ്ങി മിക്ക ആന്തരികാവയവങ്ങളിലും പുകയിലയുടെ ഉപയോഗം മൂലം കാൻസർ സാധ്യത കൂടുതലാണ്.