പ്രേമലുവിൽ ഹൃദയം സിനിമയ്ക്കിട്ട് നല്ല താങ്ങ് താങ്ങിയിട്ടുണ്ടെന്ന് സംവിധായകനും നടനും ഗായനുമായ വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പ്രതികരണം.
തങ്ങൾ സുഹൃത്തുകൾ പരസ്പരം ട്രോളിയത് കൊണ്ട് കുഴപ്പമില്ല. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ തങ്ങളെല്ലാവരും പരസ്പരം ട്രോളിയിട്ടുണ്ട്. പ്രേമലുവിലും എല്ലാവരെയും നമുക്ക് അറിയാം. അതുകൊണ്ട് ആ കളിയാക്കലുകളൊന്നും തനിക്ക് വിഷയമല്ല. പുറത്തു നിന്നാരെയും തങ്ങൾ ട്രോളിയിട്ടില്ല. തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ അമ്പുകളാണ് ഇവയെന്ന് എല്ലാവർക്കും മനസിലായി. അതുകൊണ്ട് ആരും സിനിമ ഓഫന്റീവായി എന്ന അഭിപ്രായം പറഞ്ഞില്ലെന്നും വിനീത് വ്യക്തമാക്കി.
പല കാര്യങ്ങളിലും കൂട്ടുകാർ കളിയാക്കിയാണ് താൻ കൂടുതൽ മികച്ചതായത്. പല തരത്തിലുള്ള ഷെയ്മിംഗ് നമ്മളെല്ലാവരും അനുഭവിച്ചിട്ടുണ്ട്. തനിക്ക് പൊക്കം കുറവാണെന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ കളിയാക്കപ്പെട്ടിട്ടുണ്ട്. തനിക്ക് സംസാരിക്കാൻ അറിയില്ല എന്ന തരത്തിലും കളിയാക്കൽ നേരിട്ടുണ്ട്. അങ്ങനെ പല തരത്തിലും നമ്മൾ കളിയാക്കൽ നേരിട്ടുണ്ട്. കളിയാക്കലുകൾ തനിക്ക് ഒരു വിഷയമേ ഇല്ല. ഏതെങ്കിലുമൊക്കെ തരത്തിൽ കളിയാക്കലുകൾ നേരിടുന്നവരാണ് നമ്മളെല്ലാവരും. അതിനാൽ സിനിമയിലെ ട്രോളുകളെല്ലാം ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റിയെന്നും താരം അറിയിച്ചു.
ഒഫൻസ് വരമ്പിന്റെ തൊട്ടടുത്ത് എത്തി ഒഫൻസീവ് അല്ലാതെ അവതരിപ്പിക്കുമ്പോഴാണ് ഹ്യുമർ ആസ്വദിക്കാനാകുക. അത് ശരിക്ക് പറഞ്ഞാൽ ഒരു ഞാണിൻമേൽ കളിയാണ്. ചിലപ്പോൾ അത് ആളുകൾക്ക് ക്ലിക്ക് ആവും. കുറച്ച് റിസ്‌ക് ആണത്. മൈക്കിന് മുന്നിൽ ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പറയുന്ന കാര്യങ്ങൾ നമ്മൾ അത് സ്പിരിറ്റിൽ എടുക്കും. അല്ലാത്ത സാഹചര്യത്തിൽ അത് നമ്മൾ ആസ്വദിക്കില്ല. അത് തന്നെയാണ് സിനിമയുടെ കാര്യത്തിലും സംഭവിക്കുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ തങ്ങളെ തന്നെ ഒരുപാട് ട്രോൾ ചെയ്തിട്ടുണ്ടെന്നും ആളുകൾക്ക് അത് കണക്ടായെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥയാണ് പറയുന്നത്. ഏപ്രിൽ 11നാണ് ചിത്രം റിലീസ് ചെയ്തത്.