കേട്ടും പറഞ്ഞും നിരവധി കഥകൾ കേട്ടാണ് ഓരോ മലയാളികളും വളർന്നു വരുന്നത്. തൊണ്ണൂറുകൾക്കുള്ളിൽ ജനിച്ച ഓരോ കുട്ടിക്കും നിരവധി പഴങ്കഥകൾ ഓർമ്മയുണ്ടാകും. മുത്തശ്ശിമാരുടെയും മുത്തശ്ശമാരുടെയും ഓർമ്മകളിലെ കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും.
എന്റെ ഓർമ്മകളിൽ എപ്പോഴും കടന്നു വരുന്നത് കാവിലെ മാടൻ തമ്പുരാന്റെ കഥയായിരുന്നു. രാത്രയിൽ തീഗോളവും ചങ്ങലയുമായി നാട് ചുറ്റാൻ ഇറങ്ങുന്ന മാടൻ. അപ്പോൾ ചങ്ങലകൾ കിലുങ്ങുന്ന ശബ്‌ദം കേൾക്കാം. തലയിൽ ഒരു തീഗോളമുണ്ടാകും. അതിന്റെ പ്രകാശവും നമുക്ക് കാണാൻ സാധിക്കും. ഇതൊരു വിശ്വാസമായും നിലനിൽക്കുന്നുണ്ട്. ഇങ്ങനെ എത്രയോ പുരാണങ്ങളാണ് നമ്മുടെ ഉള്ളിൽ പതിയുന്നത്.
അയല്പക്കങ്ങൾ ഒരുപാടുള്ള വീടെന്ന നിലയിൽ ഓരോ വീട്ടിന്റെ അകത്തളങ്ങളിൽ നിന്നും കഥകളും പാട്ടും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഉണ്ണിയെ മോഷ്ടിച്ചു കൊണ്ട് പോയ ഭൂതവും, കുട്ടിയെ പാമ്പിൽ നിന്ന് രക്ഷിച്ച കീരി വരെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു. കഥകൾക്ക് പഞ്ഞമില്ലാത്ത കുട്ടിക്കാലമായിരുന്നു.
ഒരിക്കൽ ഇതുപോലൊരു കഥാ സായാഹ്നഹത്തിലാണ് സുന്ദരിയായ സീതയെ തട്ടി കൊണ്ട് പോയ രാവണന്റെ കഥ പറയുന്നത്. കൂട്ടത്തിൽ ജടായുവിന്റെ കഥ കേൾക്കാതെ രാവണന്റെ കഥ പൂർത്തിയാകില്ല. രാമ-രാവണ യുദ്ധത്തിൽ അകപ്പെട്ട സീതയെ തട്ടി കൊണ്ട് പോകുവാൻ വന്ന രാവണനെ ജാടയു തടഞ്ഞു. ജടായുവിന്റെയും രാവണന്റെയും പോരിനിടയിൽ ജടായുവിന്റെ ചിറക് രാവണൻ വെട്ടി വീഴ്ത്തുന്നു. തന്റെ പരമാവധി ശക്തി കൊണ്ട് രാവണനെ പ്രതിരോധിച്ച ജടായു അവസാനം ചടയമംഗലത്തെ ഒരു പാറയിൽ വന്നു വീഴുന്നു. അവിടം പിന്നീട് ജടായു പാറ എന്നറിയപ്പെട്ടു. ജടായു വന്നു വീണ സ്ഥലവും, രാമന്റെ കാൽപ്പാടുമൊക്കെ ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്.
ചടയമംഗലം തികച്ചുമൊരു ഗ്രാമ പ്രദേശമാണ്. ചെറിയ ചായ കടകളും, ജങ്ഷനുകളിലെ വർത്തമാന സദസ്സും, പഴയ പാട്ടുകൾ ഇട്ടു പോകുന്ന പ്രൈവറ്റ് ബസുകളും; അങ്ങനെ ഒരുഗ്രാമത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തു ചേർന്നൊരു നാട്. തിരുവനന്തപുരത്തു നിന്നുമാണ് ചടയമംഗലത്തേക്ക് പോകുന്നതെങ്കിൽ ഇരുവശവും നിറഞ്ഞു നിക്കുന്നത് കൂറ്റൻ മരങ്ങളായിരിക്കും. സിറ്റി പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഗ്രാമത്തിന്റെ പ്രതീതിയാണ്. ഇടയ്ക്കിടെ വഴിയോര കടകളുണ്ട്. ചായക്കടയും, ഉപ്പിലിട്ടവ വിൽക്കുന്ന കടയും. നൊങ്ക് കടയും അങ്ങനെ കാഴ്ചകൾ പലവിധമാണ്
വര്ഷങ്ങള്ക്കു മുൻപ് ജടായു പാറ കയറിയപ്പോൾ നവീകരിച്ചിട്ടുണ്ടയിരുന്നില്ല. അന്ന് സ്വകാര്യ വഴിയിൽ കൂടിയാണ് പോയത്. നല്ലൊരു ട്രെക്കിങ്ങ് കഴിഞ്ഞതിന്റെ എല്ലാ ക്ഷീണവും അന്ന് അനുഭവപ്പെട്ടു. കുത്തനെയുള്ള കയറ്റമാണ് മുകളിലേക്ക്. ഇടയ്ക്കിടെ വലിയ പാറകളുടെ തണലിൽ ഇരുന്നും, വെള്ളം കുടിച്ചും ഒടുവിൽ ലക്ഷ്യ സ്ഥാനത്തെത്തി.
ഇന്ന് ജടായു നവീകരിച്ചിട്ടുണ്ട്. 64 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ അഥവാ ജടായു നേച്ചര്‍ പാര്‍ക്ക്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ വിനോദ സഞ്ചാരപദ്ധതിയാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ് ജടായു.
വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്.ജഡായു പാറയെ ജഡായു എര്‍ത്ത്സ് സെന്റര്‍ ആക്കി പുതുക്കിയെടുത്തിരിക്കുന്നത് രാജീവ് അഞ്ചലാണ്. പാറയുടെ മുകളില്‍ ഇരുനൂറ്റന്‍പത് അടി ഉയരത്തില്‍ ജഡായു ശില്‍പ്പവും രാജീവ് ഒരുക്കിയിട്ടുണ്ട്.
പ്രതിമയുടെ അകം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മുഴുവൻ പ്രദേശത്തിന്റെയും ഭംഗി കാണാൻ സാധിക്കും
ജഡായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും ഒരുക്കിയിട്ടുണ്ട് . ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജഡായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയേറ്ററെന്നുമാണ് നമുക്ക് അനുഭവപ്പെടുക
എന്തൊക്കെ ചെയ്യാം?
കേബിള്‍ കാര്‍ റൈഡ്
ഈ കേന്ദ്രത്തിന്റെ പ്രധാന ആകര്‍ഷണമാണ് കേബിള്‍ കാര്‍ സവാരി. കുന്നുകള്‍ക്കും താഴ്വരകള്‍ക്കും മുകളിലൂടെ പൂര്‍ണ്ണമായും ഗ്ലാസ് പൊതിഞ്ഞ ക്യാബിനില്‍ യാത്ര ചെയ്യുന്നത് മികച്ച അനുഭവമാണ്. പ്രതിമയുടെ ആര്‍ട്ട് കേബിള്‍ കാറുകളും അതിന്റെ സംവിധാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.നിലവില്‍ 16 കാറുകളാണുള്ളത്, ഓരോ കാറിനും 8 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. 750 മീറ്റര്‍ ദൂരത്തില്‍ 1000 അടി ഉയരത്തില്‍ സഞ്ചരിക്കാം.
ജഡായുവും ക്ഷേത്രവും
ജഡായുവിന്റെ ശില്പമാണ് ജടായു നേച്ചര്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. 6 ഡി ഓഡിയോ-വിഷ്വല്‍ ഇഫക്റ്റുകള്‍ ഉള്ള രാമായണത്തില്‍ നിന്നുള്ള പ്രദര്‍ശനങ്ങള്‍ ഇവിടെ ഉണ്ടാകും.ശിൽപ്പം 7 വര്ഷത്തിനുള്ളിലാണ് പൂർത്തിയാക്കിയത്
റോക്ക് ഹില്‍
ജമ്മറിംഗ്, ബോള്‍ഡറിംഗ്,വാലി ക്രോസിംഗ്, ചിമ്മിനി ക്ലൈംബിംഗ്, ലംബ ലാഡര്‍,അമ്പെയ്ത്ത,് സിപ്പ്-ലൈന്‍, കമാന്‍ഡോ നെറ്റ്, റൈഫിള്‍ ഷൂട്ടിംഗ്, ലോഗ് നടത്തം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ആന പാറ
ക്യാമ്പിംഗ്, സ്‌കൈ സൈക്ലിംഗ്, 250 മീറ്റര്‍ നീളമുള്ള സിപ്പ്-ലൈന്‍ സോണ്‍ എന്നിവ ഇവിടെ സജ്ജമാക്കിയിരിക്കുന്നു.
റെജുവനേഷന്‍ സെന്റര്‍
പ്രകൃതിദത്ത പരിസ്ഥിതി സമ്പ്രദായം സംരക്ഷിക്കുന്ന ഈ മല, ജഡായു നേച്ചര്‍ പാര്‍ക്കില്‍ വാരാന്ത്യ വിശ്രമത്തിന് അനുയോജ്യമായ പ്രകൃതിദത്ത ഗുഹകളില്‍ സിദ്ധവിധിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുന്നു.
പ്രത്യേകതകൾ
- പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നത്
- ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗിനുള്ള സൗകര്യം ലഭ്യമാകുന്ന ടൂറിസം കേന്ദ്രം
- ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ഇടമാണ് ജടായു അഡ്വഞ്ചര്‍ പാർക്ക്
- ആധുനിക നിലവാരമുള്ള ആയുർവേദ റിസോർട്ട്
എങ്ങനെ എത്തിച്ചേരാം
- റോഡ്- തിരുവനന്തപുരത്ത് നിന്ന് എംസി റോഡിൽ കിലോമീറ്റർ അകലെ ചടയമംഗലത്തിന് സമീപമാണ് ജടായു പാറ.
- റെയിൽ- കൊല്ലം, വർക്കല തിരുവനന്തപുരം എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ
- ഫ്ലൈറ്റ് – തിരുവനന്തപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
- എൻട്രി ഫീ 400 രൂപയാണ്. മറ്റു പ്രവർത്തങ്ങൾക്ക് പ്രത്യകം ഫീസ് ഉണ്ട്