നമ്മൾ വളരെ സന്തോഷത്തിൽ നിൽക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തിലേക്ക് കടന്നു വരുന്നതെന്ന് നടൻ ദിലീപ്. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിലാണ് കാലം കടന്നു പോകുന്നത്. ഒത്തിരി സന്തോഷത്തിലിരിക്കുമ്പോഴായിരിക്കും നമുക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ സംഭവിക്കുക. എങ്ങനെ അതിനെ നേരിടുമെന്ന് പോലും നമുക്ക് അപ്പോൾ അറിയാൻ പറ്റില്ല. എന്തു ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നു പോകുന്ന അവസ്ഥ ഏതൊരു മനുഷ്യനും ഉണ്ടാകാമെന്നും ദിലീപ് വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മൾ ഒരാളെ കളിയാക്കുകയും വിഷമിപ്പിക്കുകയും ചെയ്യുമ്പോൾ നാളെ അത് നമ്മളിലേക്കും തിരിച്ചെത്തിയേക്കാമെന്ന ചിന്ത ഉണ്ടാകുന്നില്ല. ഇത് ചിന്തിക്കാതെ എല്ലാവരുടെയും പ്രവർത്തികൾ. ആരും ഇവിടെ സെയ്ഫല്ല. ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. വിധി, തലയിലെഴുത്ത് എന്നൊക്കെ പറഞ്ഞ് നമുക്ക് ആശ്വസിക്കാമെന്നേയുള്ളു. ഒരാളോടുള്ള ശത്രുത മൂലം എന്തെങ്കിലും ചെയ്താൽ അത് ബാധിക്കുന്ന നിരവധി പേർ ചുറ്റിനുമുണ്ടാകും. അത് എല്ലാ വിഷയത്തിലും സംഭവിക്കുന്ന കാര്യമാണെന്നും ദിലീപ് വ്യക്തമാക്കി.
ഒരു കലാകാരനെ സംബന്ധിച്ച് എല്ലാ ജാൻറേകളിലും പങ്കാളിയാകുകയെന്നതാണ് പ്രധാനം. വെള്ളം ഏത് പാത്രത്തിലേക്ക് ഒഴിച്ചാലും ആ പാത്രത്തിന്റെ ആകൃതിയായിരിക്കും. അത് പോലെയായിരിക്കണം കലാകാരനും. ഏത് പാത്രത്തിലേക്ക് ആര് ഒഴിക്കുമെന്നതും പ്രധാനമാണെന്നും ദിലീപ് അഭിപ്രായപ്പെട്ടു.
തനിക്ക് തന്റെ പ്രേക്ഷകർ തന്ന രണ്ടാം ജന്മമാണ് രാമലീല എന്ന സിനിമയുടെ വിജയം. തീർന്നു എന്ന് വിചാരിച്ചിരുന്ന സമയത്താണ് രാമലീല തിയേറ്ററിലെത്തിയത്. ആ സിനിമയ്ക്ക് ആരും വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഈ നിലയിൽ ഉണ്ടാകുമായിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് രാമലീല. താൻ എന്നും ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷരോടാണ്. താൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലെ തന്നെ സ്നേഹിച്ച ജനങ്ങളും അവരുടെ പ്രാർത്ഥനയുമാണ് തന്നെ നിലനിർത്തിയതെന്നും താരം ചൂണ്ടിക്കാട്ടി.
എല്ലാം തീർന്നു കഴിഞ്ഞുവെന്ന് തോന്നിയ സമയത്ത് അവർ തന്ന പിന്തുണ വളരെ വലുതാണ്. തനിക്ക് അത്രയം കടപ്പാട് മലയാളി പ്രേക്ഷരോടുണ്ട്. തന്നെ വളർത്തിയത് പ്രേക്ഷരാണ്. മിമിക്രിയിലൂടെ വളർന്നു വന്ന ഒരു സാധാരണ കലാകാരനാണ് താൻ. തന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. ആ കുടുംബങ്ങളുടെയും ജനങ്ങളുടെയും പ്രാർത്ഥന തനിക്ക് ലഭിച്ചു. ആ പ്രാർത്ഥനയും പിന്തുണയുമാണ് ദിലീപ് എന്ന കലാകാരനെ വളർത്തിയത്. ജനങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്നും ദിലീപ് കൂട്ടിച്ചേർത്തു.