ബിഗ് ബോസ് മലയാളത്തില്‍ ഈ സീസണില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് പവര്‍ ടീം. ഹൗസിലെ സര്‍വ്വാധികാരികള്‍ എന്നാണ് ബിഗ് ബോസ് പവര്‍ ടീമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്യാപ്റ്റനേക്കാള്‍ അധികാരം കൈയാളുന്നവരാണ് അവര്‍. എന്നാല്‍ മുന്‍ മാതൃകകള്‍ ഇല്ലാത്തതിനാല്‍ത്തന്നെ തങ്ങളുടെ അധികാരത്തിന്‍റെ അളവ് എത്രത്തോളമാണെന്നും അത് എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നും മത്സരാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ പുതിയ പവര്‍ ടീം ഇതാദ്യമായി വേറിട്ട രീതിയില്‍ തങ്ങളുടെ അധികാരം ഉപയോഗിച്ചു.
അടുത്ത പവര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാനായുള്ള വിവിധ ടാസ്കുകളിലെ ആദ്യത്തെ ടാസ്ക് ബിഗ് ബോസ് പ്രഖ്യാപിച്ചതിന് ശേഷം പവര്‍ ടീം ഡെന്‍ റൂം പൂട്ടുകയായിരുന്നു. ഓട്ടോമാറ്റിക് ലോക്ക് സംവിധാനമുള്ള റൂം പവര്‍ ടീമിന്‍റെ ആവശ്യപ്രകാരം ബിഗ് ബോസ് ആണ് പൂട്ടിയത്. തങ്ങളുടെ അധികാരം ആ രീതിയില്‍ വര്‍ക്ക് ആവുമോയെന്നുള്ള പവര്‍ ടീമിന്‍റെ തന്നെ പരീക്ഷണമായിരുന്നു ഇത്. ഈ സമയത്ത് ഡെന്‍ റൂമില്‍ മറ്റൊരു ടീമിലെ അംഗമായ ജാസ്മിനും ഇരിക്കുന്നുണ്ടായിരുന്നു. ഒരു ആക്റ്റിവിറ്റി വരുന്നതിന് മുന്‍പ് സ്വന്തം ടീമിനൊപ്പമല്ലേ ജാസ്മിന്‍ ഇരിക്കേണ്ടതെന്ന് പലരും ചോദിച്ചു. എന്നാല്‍ സ്വന്തം ടീമിലെ തന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവിടേക്ക് വന്നതെന്ന് ജാസ്മിന്‍ മറുപടി പറഞ്ഞു. അതിനിടെ പവര്‍ ടീമംഗമായ സിബിനെയും ക്യാപ്റ്റന്‍ ജിന്‍റോയെയും അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി പവര്‍ ടീം രംഗത്തെത്തി.
റൂം തുറക്കാമെന്നാണ് വിചാരിച്ചിരുന്നതെന്നും ഇനി തുറക്കണമെങ്കില്‍ ഗബ്രി മാപ്പ് പറയണമെന്നും സിബിന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ അതിന് തയ്യാറല്ലെന്ന് ഗബ്രിയും പറഞ്ഞു. തനിക്ക് വാഷ് റൂമില്‍ പോകണമെന്ന് ഗബ്രി ആദ്യമേ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് വാതില്‍ തുറക്കാനുള്ള ഗബ്രിയുടെ അടവായാണ് പവര്‍ ടീം വിലയിരുത്തിയത്. പിന്നീട് ജാസ്മിന്‍ തനിക്ക് വാഷ് റൂമില്‍ പോകണമെന്ന് ആവശ്യം ഉന്നയിച്ചപ്പോള്‍ കൂടിയാലോചനകള്‍ക്കൊടുവില്‍ പവര്‍ ടീം ഡെന്‍ റൂമിന്‍റെ വാതില്‍ തുറക്കുകയായിരുന്നു.