ആർക്ക് വേണമെങ്കിലും ദൈവത്തിന്റെ പാട്ട് പാടാമെന്നും അതിന് എവിടെ എങ്ങനെ നിൽക്കണമെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ലെന്നും ഗായിക ഗൗരി ലക്ഷ്മി. അതൊക്കെ പുതുതായി ആളുകൾ ഉണ്ടാക്കിയ നിയമങ്ങളാണെന്നും ഗൗരി ലക്ഷ്മി പറഞ്ഞു. കുട്ടി നിക്കറിട്ടുകൊണ്ട് ദൈവങ്ങളുടെ പാട്ട് പാടാമോയെന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങളോടായിരുന്നു ഗൗരിയുടെ പരാമർശം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗൗരിയുടെ പ്രതികരണം.
റെസിസ്റ്റൻസ് വളരെ സാധാരണമാണ്. ഏത് വിഷയം എടുത്താലും റെസിസ്റ്റൻസ് ഉണ്ടാകും. പുതിയ കാലഘട്ടത്തിൽ ഇങ്ങനെ, പഴയ കാലഘട്ടത്തിൽ ഇങ്ങനെ എന്നൊന്നുമില്ല. ഏത് കാലഘട്ടത്തിലും എന്ത് കാര്യത്തിലും റെസിസ്റ്റൻസ് ഉണ്ട്. മാറ്റം വരുന്നിടത്തൊക്കെ റെസിസ്റ്റൻസ് ഉണ്ടാകും. അത് നാച്ചുലറാണ്. അത് മനസിലാകുന്നിടത്ത് എല്ലാം സിംപിളാകും. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾ നിക്കർ ധരിച്ച് നടന്നാൽ അത് വലിയ പ്രശ്‌നമാകും. തന്റെ അമ്മയുടെയൊക്കെ കോളേജ് കാലഘട്ടത്തിൽ ചുരിദാർ ധരിച്ച് നടക്കുന്നതായിരുന്നു വലിയ പ്രശ്‌നം. ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുകയെന്നതേയുള്ളു. ആളുകൾ യൂസ്ഡ് ആകുന്നതിന് അനുസരിച്ച് റെസിസ്റ്റൻസ് കുറഞ്ഞു കുറഞ്ഞു വരുമെന്നും വലിയ കോംപ്ലിക്കേഷനായി എടുക്കേണ്ടതില്ലെന്നും ഗൗരി അഭിപ്രായപ്പെട്ടു.
അങ്ങോട്ടും ഇങ്ങോട്ടും എഫേർട്ട് ഇടുന്ന ബന്ധങ്ങൾ മാത്രമേ നിലനിൽക്കൂ. അവ നിലനിന്നിട്ട് മാത്രമേ കാര്യമുള്ളു. അങ്ങനെയുള്ള ബന്ധങ്ങളൊക്കെ തനിക്ക് നിലനിൽക്കാറുണ്ട്. അങ്ങനെയല്ലാതെ പോയ ബന്ധങ്ങളൊന്നും നിലനിർത്താൻ ശ്രമിച്ചിട്ടില്ല. അതിന്റെ ആവശ്യവുമില്ല. തനിക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ താൻ ഉറപ്പായും അത് ചെയ്യും. ചെയ്യാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് ദു:ഖിച്ചിരിക്കില്ല. ഒരു വ്യക്തിയ്ക്ക് എന്തെങ്കിലും സഹായം ചെയ്ത് കൊടുക്കാൻ തനിക്ക് കഴിയുമെങ്കിൽ അക്കാര്യം ചെയ്തിരിക്കും. എന്നാൽ ചെയ്യാൻ കഴിയാത്ത കാര്യമോർത്ത് ഡിപ്രഷനടിച്ചാൽ ഒരു പ്രയോജനവുമില്ല. അതുകൊണ്ട് തന്റെ ആരോഗ്യം മോശമാകുമെന്ന് മാത്രമേയുള്ളു. എവിടെ കണക്ട് ചെയ്യണം കട്ട് ചെയ്യണമെന്നതിന് കുറിച്ച് ധാരണയുണ്ടെന്നും ഗൗരി ലക്ഷ്മി വിശദമാക്കി.
ഹോസ്പിറ്റലിൽ വെച്ച് അബോർഷനിലൂടെ കുഞ്ഞിനെ നഷ്ടപ്പെട്ട് കിടക്കുന്നവരുടെ മുന്നിലൂടെ തന്നെ കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നത് സങ്കടം തോന്നിയിട്ടുണ്ട്. അബോർഷൻ എന്ന സംഭവത്തെക്കാളും നമ്മെ ബാധിക്കുന്നത് അതിന് ശേഷം നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. വലിയ നഷ്ടം സംഭവിച്ച ഒരു വ്യക്തിയെ എംപതറ്റിക്കായി സമീപിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനുള്ള ട്രെയിനിംഗ് ഗ്രാസ് റൂട്ടിൽ നിന്നും നൽകേണ്ടതാണെന്നും ഗൗരി ചൂണ്ടിക്കാട്ടി.
ഓരോ മനുഷ്യനും കംപ്ലീറ്റിലി ഡിഫറന്റാണ്. എനിക്ക് വർക്കാവുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് വർക്ക് ആകണമെന്നില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പോയി ഉപദേശിക്കേണ്ട കാര്യമില്ല. മൂന്ന് വയസുമുതൽ പാട്ട് പഠിക്കുന്നുണ്ട്. സ്റ്റേജിൽ പാടുന്നതിന് മുൻപ് ഇപ്പോഴും ടെൻഷനുണ്ട്. മെന്റലി ഒകെയാണെങ്കിലും പേടിക്കേണ്ട കാര്യമില്ലെന്ന് ബോഡിയ്ക്ക് ഇപ്പോഴും മനസിലായിട്ടില്ല. അതുകൊണ്ട് പാടുന്നതിന് മുൻപ് വെള്ളം കുടിക്കാനൊക്കെ തോന്നാറുണ്ട്. കാണികളുടെ പ്രോത്സാഹനമാണ് എനർജിയെന്നും ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു.