മൈലേജിനൊപ്പം തന്നെ ബൈക്കിന്റെ പവറും ഉള്ള വാഹനം ആഗ്രഹിക്കാത്തവരായി ആരുമില്ല. കൈയിൽ ഒതുങ്ങുന്ന വിലയാണെങ്കിൽ ഇരട്ടി മധുരം. അങ്ങനെയുള്ള ഒരു ഇരുചക്ര വാഹനത്തെ കുറിച്ച് അറിഞ്ഞിരിക്കാം. ബൈക്കിന്റെ പവറും സ്കൂട്ടറിന്റെ മൈലേജുമുള്ള ഒരു കിടിലൻ വണ്ടിയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പുറത്തിറക്കിയിരിക്കുന്നത്.
എയ്റോക്‌സ് എന്ന മാക്സി സ്കൂട്ടറിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇന്ന് മോട്ടോർസൈക്കിളുകൾക്കൊപ്പം തന്നെ ഫാൻസുള്ള വാഹനമായി സ്കൂട്ടറുകൾ മാറിക്കഴിഞ്ഞു. ഇന്ന് ഏത് മോഡലുകളും വിപണിയിൽ ലഭ്യമാണെന്നും അതുപോലെതന്നെ അത് ശ്രദ്ധേയമായികൊണ്ടിരിക്കുകയാണെന്നും ട്രെൻഡിങ് ആയി മാക്സി സ്കൂട്ടറുകൾ മാറികൊണ്ടിരിക്കുന്നതും മനസിലാക്കിയാണ് യമഹ എയ്റോക്‌സ് എന്ന മാക്സി സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്.
കൗമാരക്കാർക്കിടയിലും ഈ സ്റ്റൈലിഷ് വാഹനം ഏറെ പ്രിയപ്പെട്ടതാണ്. ഇന്ന് ഏറ്റുമുട്ടാൻ വേറെ എതിരാളികൾ ഒന്നും തന്നെ എയ്റോക്‌സിനില്ല. യമഹയുടെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കായ R15-ന്റെ 155 സിസി എഞ്ചിനുമായി എത്തിയ സ്‌കൂട്ടറിനെ ഇരുകൈയും നീട്ടിയാണ് ടൂവീലർ വിപണി സ്വീകരിച്ചത്. ഇതിനിടയിൽ വാഹനത്തെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള പൊടികൈകളും കമ്പനി നടത്തുന്നുണ്ട്.
അടിക്കടിയുള്ള കളർ ഓപ്ഷനുകളുടെ അപ്ഡേറ്റും മറ്റുമായി പോയിരുന്ന എയ്റോക്‌സിലേക്ക് ഇപ്പോഴിതാ മറ്റൊരു നവീകരണം കൂടി അവതരിപ്പിച്ചിരിക്കുകയാണ് യമഹ. മറ്റൊന്നുമല്ല, മാക്‌സി സ്‌കൂട്ടറിന് പുത്തനൊരു വേരിയന്റ് സമ്മാനിച്ചതാണ് സംഭവം. വേർഷൻ എസ് എന്ന് വിളിക്കുന്ന ഇതിന് ഇന്ത്യൻ വിപണിയിൽ 1,50,600 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ബ്ലൂ സ്‌ക്വയർ ഷോറൂമുകളിലൂടെ മാത്രം വിൽക്കുന്ന മോഡൽ സിൽവർ, റേസിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമേ വാങ്ങാനാവൂ.
2024 യമഹ എയ്‌റോക്‌സ് S വേരിയന്റിലെ പ്രധാന കൂട്ടിച്ചേർക്കൽ എന്താണെന്ന് വെച്ചാൽ സ്മാർട്ട് കീ ഫീച്ചറിന്റെ വരവാണെന്ന് വേണം പറയാൻ. റൈഡർക്ക് ഇനി കീ ഹോളിൽ കീയിട്ടി തിരിക്കാതെ തന്നെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കുന്ന സവിശേഷതയാണിത്. സ്റ്റാർട്ടിംഗ് കാര്യക്ഷമമാക്കാൻ ഒരു കീലെസ് ഇഗ്നിഷൻ വാഗ്ദാനം ചെയ്യുന്നത് ശരിക്കും ആളുകളെ കൈയിലെടുക്കാൻ സഹായിക്കുമെന്നാണ് യമഹയുടെ പ്രതീക്ഷ.
അടുത്തിടെ ഹോണ്ട ആക്‌ടിവയിൽ സ്മാർട്ട് കീ സംവിധാനം ഏർപ്പെടുത്തിയതിന് സമാനമായ നീക്കമാണിത്. പ്രോക്‌സിമിറ്റി ഡിറ്റക്ഷനിലൂടെ സ്‌കൂട്ടർ കീ കണ്ടെത്തുന്നതിനാൽ സ്റ്റാർട്ടിംഗിനായി റൈഡർ വാഹനത്തിലെ റോട്ടറി നോബ് തിരിച്ചാൽ മതിയാവും. ബസർ സൗണ്ട്, ആൻസർ-ബാക്ക് ശേഷി, ഫ്ലാഷിംഗ് ബ്ലിങ്കറുകൾ തുടങ്ങിയ സവിശേഷതകളും യമഹ ഏറ്റവും പുതിയ എയ്റോക്‌സ് S വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
YZF-R15, MT-15 എന്നീ ജനപ്രിയ മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകുന്ന അതേ എഞ്ചിനാണ് യമഹ എയ്‌റോക്‌സ് എസ് വേരിയന്റിനും കരുത്തേകുന്നത്. പക്ഷേ സ്കൂട്ടറിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.
അതിന്റെ ഭാഗമായി 155 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിൻ 8,000 ആർപിഎമ്മിൽ 14.8 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 13.9 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ E20 പെട്രോളിലും പ്രവർത്തിക്കാൻ അനുയോജ്യമാണ്.
സ്മാർട്ട് കീ ഫീച്ചർ നൽകുന്ന ആദ്യത്തെ സ്‌കൂട്ടറല്ല എയ്‌റോക്‌സ് എസ് എന്ന് നേരത്തെ പറഞ്ഞല്ലോ. ആക്ടിവയ്ക്ക് പുറമെ ഹോണ്ട തങ്ങളുടെ എല്ലാ സ്‌കൂട്ടറിലും സമാനമായ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌മാർട്ട് കീ കൂടാതെ എയ്‌റോക്‌സ് എസ് ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും അവതരിപ്പിച്ചിട്ടുണ്ട്. ഇത് തെന്നലുള്ള സാഹചര്യങ്ങളിൽ റിയർ വീലിന്റെ ട്രാക്ഷൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന സവിശേഷതയാണ്.
എൽഇഡി ലൈറ്റിംഗ്, ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈലൻ്റ് സ്റ്റാർട്ട് മോട്ടോർ എന്നിവയും എയ്റോക്‌സിന്റെ പ്രധാന ഫീച്ചറുകളാണ്. വൈ-കണക്ട് ആപ്ലിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും യമഹയുടെ മാക്‌സി സ്‌കൂട്ടറിൽ ലഭിക്കും.
ഇതുവഴി മൊബൈൽ ആപ്ലിക്കേഷന് ഇന്ധന ഉപഭോഗം, മെയിൻ്റനൻസ് റെക്കമെന്റേഷനുകൾ, ലാസ്റ്റ് പാർക്കിംഗ് ലൊക്കേഷൻ, മാൽഫങ്ഷൻ നോട്ടിഫിക്കേഷൻ, റെവസ് ഡാഷ്ബോർഡ്, റൈഡർ റാങ്കിംഗ് തുടങ്ങിയ വിവരങ്ങളും പ്രദർശിപ്പിക്കും.
റൈഡർക്ക് അവരുടെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യണമെങ്കിൽ ഫ്രണ്ട് പോക്കറ്റിനൊപ്പം ഒരു 12വി പവർ സോക്കറ്റും യമഹ എയ്റോക്‌സിൽ ഒരുക്കിയിട്ടുണ്ട്.
സ്‌കൂട്ടറിന്റെ അണ്ടർ സ്‌റ്റോറേജ് സ്പേസ് 24.5 ലിറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേരിയബിൾ വാൽവ് ആക്ച്ചുവേഷൻ എന്നറിയപ്പെടുന്ന സംവിധാനമുള്ളതിനാൽ പെർഫോമൻസും ഇന്ധനക്ഷമതയും ഒരുപോലെ നൽകാൻ ഈ വാഹനത്തിനാവും.
ലിറ്ററിന് 40 മുതൽ 45 കിലോമീറ്റർ വരെ മൈലേജാണ് യമഹ എയ്റോക്സിൽ അവകാശപ്പെടുന്നത്. ഡിസൈനും കിടുവായതിനാൽ റോഡിലൂടെ പോവുമ്പോൾ പത്ത് പേർ നോക്കുമെന്ന കാര്യത്തിലും സംശയമൊന്നും വേണ്ട. ബൈക്കിന്റെ പവറും സ്‌കൂട്ടറിന്റെ പ്രായോഗികതയും കൂടി ചേരുമ്പോൾ മുടക്കുന്ന പണത്തിനുള്ള മൂല്യം ഈ മാക്‌സ് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നുമുണ്ടെന്ന് നിസംശയം പറയാം.
Read also :എങ്ങനെയാണ് ഇരുചക്ര വാഹനങ്ങളിൽ ഇരിക്കേണ്ടത്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ