പശ്ചിമബംഗാൾ: മമതയുടെ പത്ത് വാഗ്ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്ത്. സി.എ.എ റദ്ദാക്കുമെന്നും എന്‍.ആര്‍.സി, ഏക സിവില്‍കോഡ് എന്നിവ നടപ്പിലാക്കില്ലെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം പത്ത് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകൽ, പെൺകുട്ടികൾക്കായുള്ള സ്‌കോളർഷിപ്പും സ്ത്രീകൾക്കായുള്ള ആനുകൂല്യങ്ങളും പത്രികയിലെ മറ്റു വാഗ്ദാനങ്ങളാണ്.
കോൺഗ്രസിന്റെ പ്രകടനപത്രികയിൽ നിന്നും പല വാഗ്ദാനങ്ങളും ഉൾപെടുത്തിയാണ് തൃണമൂൽ പ്രകടനപത്രിക. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. പശ്ചിമബംഗാളിലെ കുച്ച്‌ബെഹര്‍, ആലിപ്പുര്‍ദ്വാര്‍, ജല്‍പയ്ഗുരി എന്നിവടങ്ങളിലാണ് ഏപ്രില്‍ 19-ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രകനപത്രികയിലെ വാഗ്ദാനങ്ങള്‍
1. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കും. തൊഴില്‍കാര്‍ഡുള്ളവര്‍ക്ക് 400 രൂപ ദിവസക്കൂലിയില്‍ നൂറ് ദിവസം ജോലി ഉറപ്പാക്കും
2. പാവപ്പെട്ടവര്‍ക്ക് സൗജന്യ പാര്‍പ്പിടം
3. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ പത്ത് സൗജന്യ ഗ്യാസ് സിലിണ്ടര്‍
4. റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സൗജന്യ റേഷന്‍ വിതരണം
5. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മാസത്തില്‍ 1000 രൂപ
6. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും
7. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത
8. സി.എ.എ പിന്‍വലിക്കും. എന്‍.ആര്‍.സി നിര്‍ത്തലാക്കും. ഏകസിവില്‍കോഡ് നടപ്പിലാക്കില്ല.
9. 25 വയസ്സില്‍ താഴെയുള്ള ബിരുദ, ഡിപ്ലോമക്കാര്‍ക്ക് അപ്രന്റിസ്ഷിപ്പ്
10. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് കന്യാശ്രീ പോലുള്ള പദ്ധതികള്‍.