ഷാർജ: യു.എ.ഇ.യിൽ കനത്തുപെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായത് മലയാളികളടക്കം ആയിരക്കണക്കിനാളുകൾ. രണ്ടുദിവസമായി പെയ്ത മഴയിൽ വെള്ളത്തിലായ വില്ലകൾ ഭൂരിഭാഗവും ഷാർജയുടെ കിഴക്കൻ പ്രദേശമായ കൽബയിലാണ്. ഷാർജ, ഫുജൈറ എന്നിവിടങ്ങളിലും ദുരിതബാധിതർക്കായി സർക്കാർ ക്യാമ്പുകളും പുനരധിവാസ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യു.എ.ഇ. രക്ഷാസംഘങ്ങൾക്കൊപ്പം മലയാളി കൂട്ടായ്മകളും സജീവമായി സഹകരിക്കുന്നുണ്ട്. വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയും മറ്റു സമൂഹമാധ്യമത്തിലൂടെയും ആളുകൾ പരസ്പരം കൈകോർത്ത് സന്നദ്ധ സേവനം നടത്തുന്നു.
ശക്തമായ മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ട സഹായം ചെയ്യാൻ വേണ്ടി മലയാളികൾ ആരംഭിച്ച റെയിൻ : സപോർട്ട് യുഎഇ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പുകൾ വഴി മഴക്കെടുതിയനുഭവിക്കുന്ന നൂറുകണക്കിന് പേർക്ക് ഇതിനകം സഹായം ലഭിച്ചു. നിങ്ങളുടെ വീട്ടിൽ ഇന്ന് രാത്രി ഒരാളെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, ദയവായി സ്ഥലത്തിന്റെ ഫോൺ നമ്പർ നൽകുക എന്ന കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഒട്ടേറെ പേർ സ്ഥലവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നു. വ്യാഴാഴ്ച വരെ വാഹന പാർക്കിങ്ങിന് സ്ഥലമനുവദിച്ചവർ പോലുമുണ്ട്. ഇത്തരത്തിൽ സഹായം മലയാളികൾക്ക് മാത്രമല്ല, ഇതര സംസ്ഥാനക്കാര്‍ക്കും രാജ്യക്കാർക്കും ലഭിച്ചുവെന്ന് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന ദുബായിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകൻ കാസർകോട് ചെറുവത്തൂർ സ്വദേശി സി.മുനീർ പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഫുജൈറ കൈരളി കൾചറൽ അസോസിയേഷൻ ക്ലബ്, ഫുജൈറ കെ.എം.സി.സി, ഖോർഫക്കാൻ ഇന്ത്യൻ ക്ലബ് തുടങ്ങിയ സംഘടനകളെല്ലാം സഹായത്തിനായി ഉണ്ട്. ശക്തമായ മഴയ്ക്ക് പിന്നാലെ ചൊവ്വാഴ്ച വൈകീട്ടോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാൾ താത്ക്കാലിക താമസയിടമാക്കിമാറ്റിയതായി പ്രസിഡന്റ് നിസാർ തളങ്കര അറിയിച്ചിരുന്നു. കുടുംബങ്ങളെയടക്കം ഹോട്ടലുകളിൽ മാറ്റിപാർപ്പിക്കുന്നതിന് സർക്കാർ അധികൃതരോടൊപ്പം ഇന്ത്യൻ അസോസിയേഷനും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇന്ത്യൻ സ്‌കൂളും ദുരിതാശ്വാസ കേന്ദ്രമാക്കി മാറ്റാൻ ഇന്ത്യൻ അസോസിയേഷൻ സന്നദ്ധമാണെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴ ഇന്ന് രാവിലെയും തുടരാൻ സാധ്യതയുള്ളതിനാൽ യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദുബായ്, ഫുജൈറ, അൽ െഎൻ എന്നിവിടങ്ങളിൽ താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നതടക്കമുള്ള അതീവ ജാഗ്രതാ നിർദേശവും നൽകി. രാജ്യത്ത് ഇന്നും (ബുധൻ) വർക് ഫ്രം ഹോമാണ്. കൂടാതെ, സ്കൂൾ പഠനം ഒാൺലൈനിലൂടെ തുടരും. എന്നാൽ അജ്മാനിൽ ഒാൺലൈൻ പഠനവും ഇന്ന് ഉണ്ടാകില്ല. ശക്തമായ ഇടിമിന്നലുള്ള സമയം മൊബൈൽ ഫോണും മറ്റും കുട്ടികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണിത്.