ഡൽഹി: ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്.
മുമ്പെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ മാറ്റമാണ് ഡിഡി ന്യൂസിൽ സംഭവിക്കാൻ പോകുന്നതെന്നാണ് വിഡിയോയിലൂടെ വ്യക്തമാകുന്നത്. റൂബി ചുവപ്പ് നിറത്തിലുണ്ടായിരുന്ന ലോഗോയാണ് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്.
‘മൂല്യങ്ങൾ അതേപടി നിലനിൽക്കുന്നതോടൊപ്പം ഞങ്ങൾ രൂപത്തിൽ എത്തുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ!’; ഇങ്ങനെയാണ് പോസ്റ്റിനോടൊപ്പമുള്ള അടിക്കുറിപ്പ്. ‘ഞങ്ങൾ ധൈര്യത്തോടെ പറയുന്നു, വേഗതയ്ക്ക് മേൽ കൃത്യത, അവകാശവാദങ്ങള്‍ക്ക് മേൽ വസ്തുത, സെൻസേഷണലിസത്തിന് മേൽ സത്യം. ഡിഡി ന്യൂസിലാണോ അത് സത്യമാണ്!’; വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്.