ഗോവയിലെ ബിജെപി സ്ഥാനാർഥിയുടെ ആസ്തി 250 കോടിയിലേറെ

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കോടീശ്വര സ്ഥാനാർഥികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ​ഗോവയിലേക്ക്. സൗത്ത് ഗോവാ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പല്ലവി ഡെംപോയ്ക്ക് 250 കോടിയിലധികം ആസ്തി ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. വ്യവസായി ശ്രീനിവാസ് ഡെംപോയുടെ ഭാര്യയാണ് പല്ലവി.

ഏകദേശം 217.11 കോടിയുടെ ബോണ്ടുകൾ, ഏകദേശം 12.92 കോടി സമ്പാദ്യം, ഏകദേശം 2.54 കോടിയുടെ വാഹനങ്ങൾ, ഏകദേശം 5.69 കോടിയുടെ സ്വർണം, ഏകദേശം 9.75 കോടി വിലമതിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളുടെ വിവരമാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്.

ഡെംപോ ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ പല്ലവി ഡെംപോ കോൺഗ്രസിൻ്റെ വിരിയാറ്റോ ഫെർണാണ്ടസിനെതിരെയാണ് മത്സരിക്കുന്നത്. പല്ലവി ഡെംപോയ്‌ക്കൊപ്പം, നോർത്ത് ഗോവയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ശ്രീപദ് നായികും ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇരുവരും നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. മേയ് ഏഴിന് ഒറ്റ ഘട്ടമായാണ് ഗോവയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക.