റായ്പുർ: നരേന്ദ്ര മോദി സർക്കാർ ഉടൻ തന്നെ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിൽ സുരക്ഷാ സേന 29 മാവോയിസ്റ്റുകളെ വധിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ തീവ്രവാദത്തിനും മാവോയിസ്റ്റുകൾക്കുമെതിരെ നിരന്തരമായ ഓപ്പറേഷനുകൾ നടത്തിവരികയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വരും കാലങ്ങളിലും മാവോയിസ്റ്റുകൾക്കെതിരായ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ പിഴുതെറിയുമെന്നും എനിക്ക് ബോധ്യത്തോടെ പറയാൻ കഴിയും, അമിത് ഷാ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി നാരായൺപുർ ജില്ലയിൽ ഒരു ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചതായി ജില്ലാ പൊലീസ് അറിയിച്ചു. ഡപ്യൂട്ടി ഗ്രാമസേവകനായ പഞ്ചമ്ദാസാണ് കൊല്ലപ്പെട്ടത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഛത്തീസ്ഗഡ് വനംമന്ത്രി കേദാർ കശ്യപ് അറിയിച്ചു.
2023 മുതൽ ഛത്തീസ്ഗഡിൽ ഒൻപത് ബിജെപി പ്രവർത്തകരെ നക്സലൈറ്റുകൾ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. ബിജാപുർ ജില്ലയിൽ മാർച്ച് ഒന്നിനും ആറിനും രണ്ട് ബിജെപി പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. തോയ്നർ ഗ്രാമത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാർച്ച് ഒന്നിന് ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിൽ കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബിജെപി നാരായൺപുര്‍ ജില്ലാ പ്രസിഡന്റ് രത്തൻ ദുബെയെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
കാൻകെർ ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പ്രമുഖ നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ബിനഗുണ്ട, കൊറോനർ ഗ്രാമങ്ങൾക്കിടയിലുള്ള ഹാപതോല വനത്തിൽ പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും മറ്റൊരു മുതിർന്ന നേതാവ് ലളിതയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.