ടോക്കിയോ: ജപ്പാനിൽ വീണ്ടും ഭൂചലനം. ഷികോകു ദ്വീപിലാണ് ബുധനാഴ്ച രാത്രി ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ശേഷം നിരവധി തവണ തുടർ ഭൂചലനങ്ങളുമുണ്ടായിരുന്നു. ഇത് റിക്ടർ സ്കെയിലിൽ 4.3, 3.1, 5.0 എന്നിങ്ങനെ രേഖപ്പെടുത്തി.
ബുംഗോ ചാന്നെൽ ഏരിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സുനാമി ആശങ്കയില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.14ഓടെയാണ് ഭൂചലനമുണ്ടായത്. ദുർബലമായ – 6 (weak 6) തീവ്രതയാണ് ജപ്പാനിലെ ഭൂചലന സ്കെയിൽ അനുസരിച്ച് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന മൂന്നാമത്തെ തീവ്രതയാണിത്. കോച്ചി, എഹിം മേഖലകളിലാണ് തീവ്രത അനുഭവപ്പെട്ടത്. ക്യുഷു – ഷികോകു ദ്വീപുകളെ വേർതിരിക്കുന്ന ബുഗോ കടലിടുക്കിൽ 50 കിലോമീറ്റർ ആഴത്തിലായാണ് പ്രഭവ സ്ഥാനം. ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിൽ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രദേശത്തെ ആണവ വൈദ്യുത നിലയങ്ങൾക്ക് തകരാറുകളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.