‘നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു’: ‘പ്രേമലു’ ഒടിടിയിൽ കണ്ടു നയൻ‌താര

ചെറിയ മുതൽമുടക്കിലെത്തി കോടികൾ വാരിയ ‘പ്രേമലു’ സിനിമയെ പ്രശംസിച്ച് നയൻതാര. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നായിരുന്നു സിനിമ കണ്ട ശേഷം നയന്‍സ് കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഒടിടിയിലൂടെയാണ് നയൻതാര പ്രേമലു കണ്ടത്.

ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം ഏപ്രിൽ 12നാണ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിനെത്തിയത്. അതിനിടെ സിനിമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. പറയുന്നത്ര പുതുമയൊന്നും സിനിമയിലെല്ലെന്നും ഓവർ ഹൈപ്പ് ആണ് സിനിമയ്ക്ക് തിയറ്ററിൽ ഗുണം ചെയ്തതെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഒടിടി റിലീസിലൂടെ സിനിമ വലിയ വിമർശനം ഏറ്റുവാങ്ങുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് നയൻതാര എത്തിയത് പുതിയ ചർച്ചകൾക്കു വഴി വയ്ക്കുമെന്ന് തീർച്ച.

റിലീസിന് ലഭിച്ച മികച്ച അഭിപ്രായം ചിത്രത്തിന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ധനം പകരുന്നതാണ് നസ്‍ലെൻ നായകനായ പ്രേമലുവിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ പ്രതിഫലിച്ചത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. പ്രേമലുവില്‍ അതിമനോഹരമായ ഒരു പ്രണയ കഥ അവതരിപ്പിച്ചത് പ്രേക്ഷകരുടെയും പ്രിയം നേടി. വമ്പന്‍ താരങ്ങളില്ലാതെ യുവത്വത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആഗോളതലത്തില്‍ 130 കോടിയിലധികം രൂപ സിനിമ കലക്ട് ചെയ്തിരുന്നു.

തെലുങ്കിൽ ഏറ്റവും അധികം കലക്‌ഷന്‍ നേടുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും പ്രേമലു നേടി. തെലുങ്കില്‍ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ പ്രേമലു ഒന്നാമനായത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത്. നസ്‌ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ശ്രദ്ധ നേടി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഭാവന സ്റ്റുഡിയോസ് ആണ്.

Read also: Bigg Boss Malayalam Season 6: വീട്ടിലുള്ളവരെ പൊട്ടിചിരിപ്പിച്ചു നോറയുടെ കിടിലൻ അഭിനയം: വേറിട്ട ശിക്ഷയുമായി പവർ ടീം