മാമ്പഴം കഴിക്കാത്തവരോ ഇഷ്ടമല്ലാത്തവരോ കുറവായിരിക്കാം. മാമ്പഴത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ്. മാമ്പഴകാലം ആയതുകൊണ്ട് തന്നെ വീട്ടിലും നാട്ടിലും മാമ്പഴം സുലഭമായിരിക്കും. മാമ്പഴം കൊണ്ട് ഒരടിപൊളി മാംഗോ ബർഫി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാംഗോ പൾപ്പ് – 3 കപ്പ്
- നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
- കടലമാവ് – 1 കപ്പ്
- കശുവണ്ടിപ്പരിപ്പ് – 10 എണ്ണം
- ഏലക്ക പൊടി – 1 ടീ സ്പൂണ്‍
- മില്‍ക് മെയ്ഡ് – 1 ടിൻ.
തയാറാക്കുന്ന വിധം
ഇളം തവിട്ടുനിറം ആകുന്നതുവരെ ഒരു പാനിൽ കടലമാവ് വറുത്തെടുത്തു മാറ്റി വെക്കുക. എന്നിട്ട് മാമ്പഴ പൾപ്പും മിൽക്ക്മെയ്ഡും അടി കട്ടിയുള്ള പാത്രത്തിൽ ഒരുമിച്ച് വേവിക്കുക. വറുത്തുവെച്ച കടലപ്പൊടി സാവധാനം ചേർക്കുക. കട്ട കെട്ടാതെ നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം നെയ്യ് ചേർത്ത് മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ നിന്ന് ഇളകിവരുന്നത് വരെ വേവിക്കുക. കശുവണ്ടി പരിപ്പും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്ന് നീക്കം ചെയ്ത് നെയ്യ് പുരട്ടിയ ആഴം കുറഞ്ഞ പാത്രത്തിലേക്ക് മാറ്റുക. മേല്‍ ഭാഗം ഒരേപോലെ ആക്കുക. തണുത്തശേഷം ആവശ്യമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പുക.