ടൈം മാഗസിൻ്റെ ‘2024-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ’ പട്ടികയിൽ ഇടം നേടി ബോളിവുഡ് താരം ആലിയ ഭട്ടും. ബ്രിട്ടീഷ് എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ ടോം ഹാർപ്പർ സംവിധാനം ചെയ്‌ത ഹാർട്ട് ഓഫ് സ്റ്റോൺ’ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷ് ഭാഷ ചിത്രത്തിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. ആലിയയുടെ അർപ്പണബോധത്തെയും പ്രവർത്തന നൈതികതയെയും ഹാർപ്പർ അഭിനന്ദിച്ചു. ആലിയ ഭട്ടിനൊപ്പം ഇന്ത്യയിൽ നിന്നും നടൻ ദേവ് പട്ടേലും ഗുസ്തി താരം സാക്ഷി മാലിക്കും ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
View this post on Instagram
കഴിഞ്ഞ വർഷം ദീപിക പദുക്കോൺ ഐക്കണിക് മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട് വാർത്തകളിൽ ഇടം നേടിയിരുന്നു. ഐശ്വര്യ റായ്, ആമിർ ഖാൻ, പർവീൺ ബാബി, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി താരങ്ങൾ മുമ്പ് കവറിൽ ഇടം നേടിയിട്ടുണ്ട്. ടൈം മാഗസിനിൽ ഇടം നേടിയ ആ ബോളിവുഡ് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം
പർവീൺ ബാബി
ഏകദേശം അമ്പത് വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ഒരു ബോളിവുഡ് താരം ടൈം മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെടുന്നത്. 1976-ൽ ബോളിവുഡ് നടി പർവീൺ ബാബിയ്ക്കാണ് ആദ്യമായി അത്തരത്തിൽ ഒരവസരം ലഭിക്കുന്നത്. ‘ഏഷ്യാസ് ഫ്രെനെറ്റിക് ഫിലിം സീൻ’ എന്ന തലക്കെട്ടോടെയാണ് അന്ന് ആ മാഗസിൻ പുറത്തിറങ്ങിയത്.
കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റിൽ വെളുത്ത മുത്തുകൾ കൊണ്ട് അലങ്കരിച്ച ഒരു വസ്ത്രമാണ് ബോളിവുഡ് താരം പർവീൺ ബാബി കവർചിത്രത്തിൽ ധരിച്ചിരുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് പർവീൺ ബാബി അറിയപ്പെട്ടിരുന്നത്. 1970 കളിലും 1980കളുടെ തുടക്കത്തിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി ബാബി മാറിയിരുന്നു. താരത്തിന്റെ “ഗ്ലാമറസ്” അഭിനയത്തിന് നിരവധി ആരാധകർ ഉണ്ടായിരുന്നു.
ഐശ്വര്യ റായ്
പർവീൺ ബാബിക്കു ശേഷം ടൈം മാഗസിന്റെ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ഐശ്വര്യ റായി ആയിരുന്നു. ഏകദേശം ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം 2003ലെ മാഗസിന്റെ ലക്കത്തിന്റെ കവറിലാണ് ഐശ്വര്യ റായി എത്തുന്നത്. ‘ദി ന്യൂ ഫെയ്‌സ് ഓഫ് ഫിലിം’ എന്ന തലക്കെട്ടോടെയാണ് താരത്തിന്റെ ചിത്രം ടൈം മാഗസിനിൽ പ്രത്യക്ഷപ്പെടുന്നത്.
ഷാറൂഖ് ഖാൻ
ചരിത്രം തിരുത്തിക്കുറിച്ചു 2004ൽ ബോളിവുഡിൽ നിന്നും ആദ്യമായി ഒരു നടൻ ടൈം മാഗസിനിലെ കവർ പേജിൽ ഇടം നേടി. ‘ഏഷ്യാസ് ഹീറോസ്: 20 അണ്ടർ 40’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ മാഗസിന്റെ കവർ പേജിൽ ബോളിവുഡ് നടൻ ഷാരുഖാനാണ് പ്രത്യക്ഷപ്പെട്ടത്. പുതിയ തലമുറ അരങ്ങിലെത്തുന്നു എന്നാണ് കവറിൽ എഴുതിയിരുന്നത്. കവർ പേജിലെ ചിത്രത്തിന് വേണ്ടി നീല നിറത്തിലുള്ള ജീൻസും കറുപ്പ് നിറമുള്ള ഷർട്ടുമാണ് ഷാരുഖ് ഖാൻ ധരിച്ചിരുന്നത്.
ആമിർ ഖാൻ
2012ലും 2013ലും ആമിർ ടൈംസിൻ്റെ കവറിൽ ഇടംനേടി. ‘ഖാൻസ് ക്വസ്റ്റ്’ എന്ന പേരിൽ 2012ൽ പുറത്തിറങ്ങിയ ലക്കത്തിൽ ആമിറിൻ്റെ ക്ലോസപ്പ് ചിത്രം മുഖചിത്രമായി. 2013ൽ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ആമിർ വീണ്ടും കവറിൽ ഇടംപിടിച്ചു.
പ്രിയങ്ക ചോപ്ര
2016-ൽ പ്രിയങ്ക ടൈമിൻ്റെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ ലക്കത്തിൻ്റെ കവർ അലങ്കരിച്ചു. മോണോക്രോം മാഗസിൻ കവറിൽ കറുപ്പ് നിറമുള്ള വസ്ത്രത്തിൽ അതുസുന്ദരിയായാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്.
ദീപിക പദുക്കോൺ
2023-ൽ ദീപിക ടൈം കവറിൽ ബീജ് പാൻ്റ്‌സ്യൂട്ടിൽ എലഗന്റ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. ‘ദി ഗ്ലോബൽ സ്റ്റാർ: ദീപിക പദുക്കോൺ ഈസ് ബ്രിങിങ് ദി വേൾഡ് ടു ബോളിവുഡ്’ എന്ന തലക്കെട്ടിലാണ് മാഗസിൻ പ്രസ്ദ്ധീകരിച്ചത്.
Read also: ‘നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു’: ‘പ്രേമലു’ ഒടിടിയിൽ കണ്ടു നയൻതാര