ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേക്ക് പോകും. ശനിയാഴ്ച കൊച്ചിയിൽ നിന്ന് മുംബൈ വഴിയാണ് ഇരുവരും യെമനിലേക്ക് തിരിക്കുന്നത്.
കഴിഞ്ഞമാസമാദ്യം, യെമനിലെ ഏദൻവരെ എത്താനുള്ള യാത്രാനുമതി പ്രേമകുമാരി ലഭിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. മുംബൈയിൽനിന്നു യെമനിലെ ഏദനിലേക്കു വിമാനമാർഗം യാത്ര ചെയ്യും. ഏദനിൽനിന്നു റോഡ് മാർഗം യെമൻ തലസ്ഥാനമായ സനയിലേക്കു പോയി മകളെ കാണാനാണു പരിപാടി.
യെമനിൽ ഏദനും തലസ്ഥാനമായ സനയും രണ്ടു ഭരണകൂടങ്ങൾക്കു കീഴിലാണ്. ഏദനിൽനിന്നു സനയിലേക്കു റോഡ് മാർഗം യാത്ര ചെയ്യണമെങ്കിൽ സനയിൽനിന്നുള്ള അനുമതി ലഭിക്കണമായിരുന്നു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം.