ദിസ്പൂര്‍: ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണി.
“ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും.”- കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ വിജയ് മല്ലകാർ പറഞ്ഞു.
പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.
17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.
ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.