കൽപറ്റ: സുഗന്ധഗിരി മരംമുറി കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ എ. ഷജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ നിർദേശം നൽകി വനംമന്ത്രി. വിശദീകരണം തേടിയിട്ട് തുടർനടപടി മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഡിഎഫ്ഒയുടെ ജാഗ്രതകുറവ് മരംമുറിക്ക് കാരണമായെന്നാണ് വനം വിജിലൻസിൻ്റെ കണ്ടെത്തൽ. ഇതേ തുടർന്നായിരുന്നു നടപടി.
ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇന്നലെ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്പെൻഡ് ചെയ്തിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാർശ. ഇതിൽ 9 പേർക്കെതിരെ ഇതിനകം നടപടി എടുത്തു. ബാക്കിയുള്ള വാച്ചർമാർ, ബീറ്റ് ഓഫീസർമാർക്കുമെതിരെ ഉടൻ നടപടി എടുക്കും.
ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. പ്രതികളിൽനിന്ന് ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെ നിയമനത്തിനു മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരിൽ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ നേരത്തെ സസ്പെൻഷനിലാണ്.