ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരിൽ വോട്ട് ചോദിച്ച് ബി.ജെ.പി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ നെറ്റിയിൽ ഒപ്റ്റോ മെക്കാനിക്കൽ സാങ്കേതികവിദ്യയിലൂടെ സൂര്യതിലകം ചാർത്തിയ ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ പ്രചാരണം.
നിങ്ങളുടെ ഒരു വോട്ടിന്‍റെ ശക്തി എന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. മാത്രമല്ല, ‘അവർ: ബി.ജെ.പിക്കുള്ള നിങ്ങളുടെ ഒരു വോട്ട് വ്യത്യാസമൊന്നുമുണ്ടാക്കില്ല. വ്യത്യാസം: (വിഗ്രഹത്തിന്‍റെ ചിത്രം ചേർത്തിരിക്കുന്നു)’ എന്ന് ചിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അയോധ്യ ശ്രീരാമവിഗ്രഹ ചിത്രങ്ങൾ ബി.ജെ.പി ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യ മുന്നണി രംഗത്തെത്തി. ശക്തമായ നടപടി വേണമെന്ന് കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുകയാണെന്ന് സിപിഎമ്മും പ്രതികരിച്ചു. ബി.ജെ.പി , ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്യുന്ന വിഡിയോ രാഹുല്‍ഗാന്ധി പുറത്ത് വിട്ടു.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണിതെന്നും നടപടി വേണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോയെന്ന വിമർശനം സമൂഹമാധ്യമങ്ങളിലും ഉയർന്നിട്ടുണ്ട്. ഇതിനിടെ ബിജെപിയെയും അവരുടെ പ്രത്യയശാസ്ത്രത്തെയും പരാജയപ്പെടുത്താൻ പോകുകയാണന്ന് അവകാശപ്പെടുന്ന വീഡിയോ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു