കോട്ടയം: നാട്ടിലേക്ക് തിരികെയെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി ആന്‍ ടെസ ജോസഫ്. ഏപ്രില്‍ 13-ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് മോചിതയായ ആന്‍ ടെസ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്.
‘എനിക്ക് ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ടിട്ടാണ് ഇത്ര പെട്ടെന്ന് മോചനം സാധ്യമായത്. അവര് മാത്രമല്ല, ഞാന്‍ കാണാത്തതും എനിക്കറിയാത്തതുമായ ഒരുപാട് പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.’ – കോട്ടയത്തെ പുതിയ വീട്ടിലെത്തിയ ആന്‍ ടെസ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസങ്ങൾ നീണ്ട അരക്ഷിതാവസ്ഥയ്ക്കു ശേഷം മാതാപിതാക്കളെ കണ്ടതിലുള്ള ആശ്വാസം പങ്കുവയ്ക്കുമ്പോഴും തന്നെപ്പോലെ പിടിയിലായ മറ്റു 16 ഇന്ത്യക്കാരുടെ മോചനത്തെ കുറിച്ച് ആശങ്കയും ആനിന്റെ വാക്കുകളിലുണ്ട്.
‘ഇങ്ങനെയൊരു സംഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്തെങ്കിലും അതിലെ ജീവനക്കാര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു കുഴപ്പവുമില്ലായിരുന്നു. മെസ്സില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാം. കഴിച്ച ശേഷം തിരികെ ക്യാബിനിലേക്ക് പോകാന്‍ അവര്‍ പറയും അത്രയേ ഉള്ളൂ.’ – ആന്‍ പറഞ്ഞു.
‘അവര്‍ ജീവനക്കാരെ ഉപദ്രവിക്കുകയൊന്നും ചെയ്തില്ല. രാജ്യങ്ങള്‍ തമ്മിലാണല്ലോ പ്രശ്‌നം. അതുകൊണ്ട് ആള്‍ക്കാരെ അവര്‍ ഉപദ്രവിച്ചില്ല. ഞാന്‍ ഉള്‍പ്പെടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇപ്പൊ ഇന്ത്യക്കാര്‍ 16 പേര്‍ അവിടെയുണ്ട്. അവരെയും പെട്ടെന്ന് തന്നെ മോചിപ്പിക്കുമെന്നാണ് അറിഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിനായി പരിശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയായി ഞാന്‍ മാത്രമാണ് കപ്പലിലുണ്ടായിരുന്നത്. അതുകൊണ്ടാകാം എന്നെ ആദ്യം മോചിപ്പിച്ചത്.’ -ആന്‍ ടെസ തുടര്‍ന്നു.
ഭീതി നിറഞ്ഞ ജോലിയല്ലേ ഇനി തിരിച്ചു പോകുമോ എന്നു ചോദിച്ചപ്പോൾ ആനിന്റെ മറുപടി ഇങ്ങനെ‘‘ഒരുപാട് ഇഷ്ടപ്പെട്ട ജോലിയാണ്. അതുകൊണ്ട് തിരിച്ചു പോകുക തന്നെ ചെയ്യും. എന്റെ ആദ്യ കപ്പലാണ് ഇത്. ഒമ്പതുമാസം മുമ്പേ കേറിയിട്ടേ ഉള്ളൂ. മൂന്നുവര്‍ഷം പഠിച്ച ശേഷമാണ് കപ്പലില്‍ കയറിയത്. ആഗ്രഹിച്ചെടുത്ത കോഴ്‌സായതുകൊണ്ട് ഈ മേഖല ഉപേക്ഷിക്കില്ല. ഈ അനുഭവത്തെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്.’ -ആന്‍ പറഞ്ഞുനിര്‍ത്തി.
ടെഹ്‌റാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും ഇറാന്‍ സര്‍ക്കാരിന്റേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസയുടെ മോചനം സാധ്യമായത്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ കൂടി തിരികെയെത്തിക്കുന്നതുവരെ ദൗത്യം തുടരും.
ആൻ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ. ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്.