സംഭവിച്ച കാര്യങ്ങൾ ഓർത്ത് വിഷമിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് നടി സുചിത്ര. എല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് സുചിത്ര പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം.
ഒരുപക്ഷേ താനൊരു സ്റ്റാറായിരുന്നെങ്കിൽ തന്റെ ജീവിതം വേറെ രീതിയിലായിരിക്കും. ഇപ്പോഴുള്ള തന്റെ ജീവിതത്തിൽ താൻ വളരെ സന്തോഷവതിയാണ്. സിനിമയിൽ അഭിനയിച്ചിരുന്നെന്ന് ചിന്തിക്കുമ്പോൾ കഴിഞ്ഞ ജന്മത്തിൽ സംഭവിച്ച കാര്യം പോലെയാണ് തോന്നുന്നത്. തന്റെ സംസ്‌കാരത്തിലും ജീവിതരീതിയിലും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചെന്നാണ് തോന്നുന്നത്.
മലയാള സിനിമ തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കേണ്ട പ്രാധാന്യം തനിക്ക് ലഭിച്ചില്ല. എന്നാൽ, താൻ അതിൽ ആരെയും കുറ്റം പറയുന്നില്ല. എല്ലാം വിധിയായി കാണാനാണ് തനിക്ക് ഇഷ്ടം. മിമിക്‌സ് പരേഡ് പോലുള്ള ഹാസ്യ ചിത്രങ്ങൾ വേണ്ടെന്നു വച്ച സമയത്തും ഇത്തരം ചിത്രങ്ങളുടെ വിജയം തന്നെ അവിടെ നിൽക്കുവാൻ പ്രേരിപ്പിച്ചു. ബാലചന്ദ്രൻ മേനോൻ ചിത്രത്തിലൂടെയായിരിക്കണം സുചിത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റമെന്നാണ് തന്റെ അച്ഛൻ ആഗ്രഹിച്ചിരുന്നത്. നായികയായില്ലെങ്കിലും മോനോൻ സാറിന്റെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും സുചിത്ര അറിയിച്ചു.
തൊണ്ണൂറുകളിൽ മലയാള സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു സുചിത്ര. മിസ്റ്റർ ആൻഡ് മിസിസ്, സ്ത്രീധനം, കള്ളൻ കപ്പലിൽ തന്നെ, അഭിമന്യു, നീലക്കുറുക്കൻ, കാസർകോട് കാദർഭായ്, കുട്ടേട്ടൻ, കാശ്മീരം, കാക്കക്കുയിൽ, ഭരതം, കടിഞ്ഞൂൽ കല്യാണം, ഹിറ്റ്‌ലർ, കന്യാകുമാരിയിലെ ഒരു കവിത തുടങ്ങി നിരവധി ചിത്രങ്ങളിൽ സുചിത്ര വേഷമിട്ടിട്ടുണ്ട്.
വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ താരം വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. കുടുംബത്തോടൊപ്പം 47-ാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സുചിത്ര തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സുചിത്രയുടെ ഭർത്താവിനേയും കുടുംബാംഗങ്ങളേയും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.