കാൽമുട്ടിന് പരിക്ക്; മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കർ പാരീസ് ഒളിംപിക്‌സിൽ നിന്ന് പിൻമാറി

ന്യൂഡൽഹി: പാരീസ് ഒളിംപിക്‌സ് അടുത്തിരിക്കെ ഇന്ത്യക്ക് തിരിച്ചടി. ലോങ്ജംപ് താരം എം ശ്രീശങ്കർ ഒളിംപിക്‌സിൽ മത്സരിക്കില്ല. പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശസ്ത്രക്രിയക്കായി ശ്രീശങ്കർ മുംബൈയിലാണ് ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് താരത്തിന് പരിശീലനത്തിനിടെ പരിക്കേറ്റത്.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് മുംബയിലെത്തി വിദഗ്ധ പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്നാണ് ശ്രീശങ്കറിന്റെ പരിക്ക് ഭേദമാകാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആറ് മാസത്തോളം വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ഇതോടെയാണ് പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് പിന്‍മാറാന്‍ താരം തീരുമാനിച്ചത്. ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ലോക റാങ്കിങിൽ ഏഴാംസ്ഥാനത്തുള്ള യുവ അത്‌ലറ്റ്.

നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി ശ്രീശങ്കര്‍ മെഡല്‍ കരസ്ഥമാക്കിയിരുന്നു.