ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭാഗികമായും ഇന്ന് വിധിയെഴുതും. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്.
എട്ട് കേന്ദ്ര മന്ത്രിമാരാണ് ഇന്ന് ജനവിധി തേടുന്നത്. നിധിന്‍ ഖഡ്കരി, കിരണ്‍ റിജ്ജു, സര്‍ബാനന്ദ സോനോവാള്‍, ജിതേന്ദ്ര സിങ്ങ്. ഭൂപേന്ദ്ര യാദവ്, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയി, ഡിഎംകെയുടെ കനിമൊഴി. ബിജെപിയുടെ കെ അണ്ണാമലൈ തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്നാണ് വിധിയെഴുത്ത്.
തമിഴ്‌നാട് 39, രാജസ്ഥാന്‍ 12, ഉത്തര്‍പ്രദേശ് 8, ഉത്തരാഖണ്ഡ് 5, മധ്യപ്രദേശ് 6, പശ്ചിമബംഗാള്‍ 3, അരുണാചല്‍ പ്രദേശ് 2, മണിപ്പൂർ 2, മേഘാലയ 2, മിസോറാം 1, ബിഹാര്‍ 4, മഹാരാഷ്ട്ര 5, അസം 5, ആന്‍ഡമാന്‍ നിക്കോബാര്‍ 1, ചത്തീസ്ഗഡ് 1, ജമ്മുകാശ്മീര്‍ 1, നാഗാലാന്‍ഡ് 1, പുതുച്ചേരി 1, ലക്ഷദ്വീപ് 1, സിക്കിം 1, ത്രിപുര 1 എന്നിങ്ങനെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ചിത്രം. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ ബിജെപി 42 സീറ്റിലും കോണ്‍ഗ്രസ് 14 സീറ്റിലും മറ്റുള്ളവര്‍ 46 സീറ്റിലുമാണ് വിജയിച്ചത്.
പോളിംഗ് – സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടാതെ 127 നിരീക്ഷകർ, 67 പൊലീസ് നിരീക്ഷകരെയും ചെലവ് നിരീക്ഷിക്കാൻ 167 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്. നാന്നൂറിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന എൻഡിഎ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ആദ്യ ഘട്ടത്തെ നേരിടുന്നത്. രാജസ്ഥാനിലെ 12 സീറ്റുകളിലും പടിഞ്ഞാറൻ യുപിയിലെ 8 സീറ്റുകളിലും മാറിയ ജാതി സമവാക്യങ്ങളിലാണ് ഇൻഡ്യ സഖ്യത്തിൻ്റെ പ്രതീക്ഷ.
അരുണാചലിലും സിക്കിമിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. 60 സീറ്റുകൾ മാത്രമുള്ള ചെറു സംസ്ഥാനമായ അരുണാചൽ പ്രദേശിൽ തുടർഭരണം എളുപ്പമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി പേമ ഖണ്ടു അടക്കം പത്ത് സീറ്റുകളിൽ എതിരില്ലാതെ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഭരണം ഉറപ്പിക്കാൻ ബിജെപിക്ക് 21 സീറ്റുകൾ മതി. 32 സീറ്റുകളുള്ള സിക്കിമിൽ ഭരണ കക്ഷിയായ സിക്കിം ക്രാന്തി കാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സംസ്ഥങ്ങളിലും ജൂൺ രണ്ടിനാണ് വോട്ടെണ്ണൽ.