ആംസ്റ്റർഡാം: ഗാസ മുനമ്പിൽ തൻ്റെ അഞ്ചുവയസ്സുള്ള മരുമകളുടെ ദേഹത്ത് തൊഴുതുനിൽക്കുന്ന ഫലസ്തീൻ വനിതയുടെ ചിത്രത്തിന് റോയിട്ടേഴ്സ് ഫൊട്ടോഗ്രഫർ മുഹമ്മദ് സലേമിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാർഡ്. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ തകർന്ന തെക്കൻ ഗാസയിലെ നാസിർ ഹോസ്പിറ്റലിൽ നിന്ന് 2023 ഒക്ടോബറിൽ എടുത്തതാണ് ഇനാസ് അബു മാമർ (36) എന്ന യുവതിയുടെ ഈ ചിത്രം. പലസ്തീൻ സ്വദേശിയായ സലേമിന്റെ (39) ചിത്രത്തിന് 2010 ലും വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു.
130 രാജ്യങ്ങളിൽനിന്നുള്ള 3,851 ഫൊട്ടോഗ്രഫർമാരുടെ 61,062 ഫോട്ടോകളിൽനിന്നാണ് പുരസ്കാരത്തിനർഹമായ ചിത്രം തിരഞ്ഞെടുത്തത്. സ്റ്റോറി ഓഫ് ദി ഇയർ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ലീ–ആൻ ഓൾവേജ് (ജിയോ മാസിക) എടുത്ത ചിത്രം പുരസ്കാരം നേടി. മഡഗാസ്കറിൽ 11 വർഷമായി ഡിമെൻഷ്യ ബാധിച്ച ആളെ മകൾ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു അത്. അഫ്ഗാനിസ്ഥാൻ ഓൺ ദി എഡ്ജ് എന്ന പരമ്പരയ്ക്ക് അസോഷ്യേറ്റഡ് പ്രസിന്റെ ഇബ്രാഹിം നൂറൂസി ഏഷ്യ സ്റ്റോറീസ് അവാർഡ് ലഭിച്ചു. നെതർലൻഡ്സ് ആസ്ഥാനമായി 1955 ൽ ആരംഭിച്ച സ്വതന്ത്ര സ്ഥാപനമാണ് വേൾഡ് പ്രസ് ഫോട്ടോ.