കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പല തരം സങ്കീര്‍ണതകളെ മൊത്തമായി വിളിക്കുന്ന പേരാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. അമിതവണ്ണക്കാര്‍ക്കും അമിതഭാരമുള്ളവര്‍ക്കും ഫാറ്റി ലിവര്‍ രോഗമുണ്ടാകാന്‍ സാധ്യത അധികമാണ്.
ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങല്‍ ദഹനസംവിധാനത്തില്‍ പ്രകടമായി തുടങ്ങും. കരളിന്‍റെ പ്രവര്‍ത്തനം 75 ശതമാനത്തോളം നിലയ്ക്കുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുക.
കരള്‍ രോഗമുണ്ടാക്കുന്ന ദഹനപ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്
വയര്‍ വീര്‍ക്കല്‍
ഗ്യാസ് കൊണ്ട് വയര്‍ വീര്‍ത്ത് വരുന്നത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഒരു ലക്ഷണമാണ്. കരള്‍ സിറോസിസ് ബാധിക്കപ്പെടുന്ന 80 ശതമാനം രോഗികളിലും ഒന്നോ അതിലധികമോ ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗ്യാസ്ട്രോഎന്‍ററോളജി ലേഖനം പറയുന്നു.
49.5 ശതമാനം രോഗികളിലും വയര്‍ ഗ്യാസ് മൂലം വീര്‍ക്കുന്ന ബ്ലോട്ടിങ് ഉണ്ടാകാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിവയറില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണമാകുന്നത്. ഇത് ചികിത്സിക്കാതെ ഇരുന്നാല്‍ അണുബാധയിലേക്കും നയിക്കാം.
വയറുവേദന
വയറിന്‍റെ മുകള്‍ ഭാഗത്തായി തോന്നുന്ന വേദനയാണ് ഫാറ്റി ലിവറിന്‍റെ മറ്റൊരു ലക്ഷണം. ഇതിനൊപ്പം മനംമറിച്ചിലും വിശപ്പില്ലായ്മയും അനുഭവപ്പെടാം.
ദഹനക്കേട്
ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ജെര്‍ഡും ഫാറ്റി ലിവറുമായി ബന്ധപ്പെട്ടിരിക്കുന്നതായി 2014ല്‍ പുറത്തിറങ്ങിയ മറ്റൊരു ഗവേഷണ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നു.
നെഞ്ചെരിച്ചില്‍, കഴിച്ച ഭക്ഷണം തിരികെ കയറി വരല്‍, ഛര്‍ദ്ദി, വായ്നാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ഇതു മൂലം ഉണ്ടാകാം.
ദഹിക്കാനും വയറ്റില്‍ നിന്ന് പോകാനും ബുദ്ധിമുട്ട്
വയറിന്‍റെ മുകള്‍ ഭാഗത്തായി നിറഞ്ഞിരിക്കുന്ന തോന്നലും ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്. വയറ്റില്‍ നിന്ന് ശരിക്ക് പോകാനും ബുദ്ധിമുട്ട് ഉണ്ടാകാം.
ഇത്തരം ലക്ഷണങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ചികിത്സ തേടേണ്ടതാണ്. ഇവ അവഗണിക്കുന്നത് പോഷണക്കുറവ്, വയറില്‍ രക്തസ്രാവം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം.
പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, ഭാരനിയന്ത്രണം എന്നിവയെല്ലാം ഫാറ്റി ലിവറിന്‍റെ സാധ്യത കുറയ്ക്കുന്നതാണ്.