ചിക്കന്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയില്ല. ചിക്കനിൽ തന്നെ എന്തെല്ലാം വറൈറ്റികൾ കണ്ടെത്താൻ സാധിക്കുമോ അതെല്ലാം കണ്ടെത്തിയിട്ടുണ്ടാകും പലരും. നല്ല നാടന്‍ രുചിയില്‍ കോഴി ഉലർത്തിയത് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-1 കിലോ
- സവാള-2
- പച്ചമുളക്-4
- ഗരംമസാല പൗഡര്‍-1 ടീസ്പൂണ്‍
- പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍
- കറിവേപ്പില
- വെളിച്ചെണ്ണ
പുരട്ടി വയ്ക്കാന്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- കുരുമുളകുപൊടി-അര ടീസ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍സ്പൂണ്‍
- ചെറുനാരങ്ങാനീര്
- ഉപ്പ്
വറവിന്
- ചെറിയുള്ളി-1കപ്പ്
- കടുക്-1 ടീസ്പൂണ്‍
- പെരുഞ്ചീരകം-കാല്‍ ടീസ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
- തേങ്ങാക്കൊത്തു വറുത്തത്-1 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി-2 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- കറിവേപ്പില
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കുക. പുരട്ടാനുള്ള മല്ലി, മുളകുപൊടികള്‍ ചെറുതായി ചൂടാക്കിയും ബാക്കി പുരട്ടാനുള്ള ചേരുവകളും ഒരുമിച്ചു പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാനിലോ കുക്കുറിലോ വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ സവാള, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റണം. പച്ചമുളകു ചേര്‍ത്തിളക്കുക.
ഇതിലേയ്ക്കു മസാല പുരട്ടി വച്ചിരിയ്ക്കുുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഗരം മസാല, പെരുഞ്ചീരകപ്പൊടിയും ചേര്‍ത്തിളക്കുക. പാകത്തിനു വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ചാറു കുറുകി ചിക്കന്‍ കഷ്ണങ്ങള്‍ വേവുന്നതു വരെ വേവിയ്ക്കണം.
മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ കടുക്, പെരുഞ്ചീരകം, കറിവേപ്പിലയിട്ടു മൂപ്പിയ്ക്കുക. പിന്നീട് ചെറിയുള്ളി, വെളുത്തുള്ളി-ഇഞ്ചി എന്നിവയും ചേർത്തു വഴറ്റണം. തേങ്ങാക്കൊത്തും ചേര്‍ത്തിളക്കുക. പിന്നീട് ഇതിലേയ്ക്കു മുളകു, മല്ലിപ്പൊടികളും ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു വേവിച്ച ചിക്കന്‍ ചേര്‍ത്തിളക്കുക. നല്ലപോലെ ഇളക്കി അഞ്ചു മിനിറ്റു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. കോഴി ഉലര്‍ത്തിയതു തയ്യാര്‍.