ഏപ്രിൽ 19 ലോക കരൾ ദിനമാണ്. കരളിന്റെ ആരോഗ്യത്തെ കുറിച്ചും കരൾ രോഗങ്ങളെ കുറിച്ചും ബോധവത്കരണത്തിന് വേണ്ടിയാണ് ലോകമെമ്പാടുമുള്ള വിവിധ ആരോഗ്യസംഘടനകൾ ചേർന്ന് ഈ ദിനമാചരിക്കുന്നത്. പണ്ട് മദ്യപിക്കുന്ന പുരുഷന്മാരിൽ മാത്രം കൂടുതൽ കണ്ടിരുന്ന കരൾരോഗമായ ഫാറ്റിലിവർ ഇപ്പോൾ സ്ത്രീകളിലും കുട്ടികളിലും യുവാക്കളിലുമെല്ലാം ആശങ്കയാകുന്നതെങ്ങനെയെന്ന് അറിയേണ്ടതുണ്ട്.
ഫാറ്റി ലിവറും ഹെപ്പറ്റൈറ്റിസുമാണ് കേരളത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന കരൾരോഗങ്ങൾ. ഇതിൽ ഹെപ്പറ്റൈറ്റിസ് വൈറസ്ബാധ മൂലമുണ്ടാകുന്നതാണ്. അതിൽ ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുണ്ട്. എന്നാൽ ഹെപ്പറ്റൈറ്റിസ് സിക്ക് വാക്സിൻ ഇല്ല.
മലിനമായ വെള്ളം, ഭക്ഷണം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രോഗിയുമായുള്ള സമ്പർക്കം (രക്തമോ മറ്റോ നേരിട്ട് തൊട്ടാൽ) എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ പകരുന്നത്. എന്നാൽ ഇപ്പോൾ വ്യാപകമായി കാണുന്ന നോൺ-ആൾക്കഹോളിക് ഫാറ്റി ലിവർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്.
ജീവിതശൈലി ആരോഗ്യകരമായ രീതിയിൽ മാറ്റിയാൽ മറ്റ് സങ്കീർണതകളില്ലെങ്കിൽ സ്വയം ഭേദമാകാൻ കഴിയുന്ന അവസ്ഥയാണിത്. നമ്മുടെ ശരീരത്തിൽ കരൾ എന്ന അത്ഭുതഅവയവത്തിന് മാത്രമേ ഇങ്ങനെ സ്വയം ഭേദപ്പെടുത്താനുള്ള കഴിവുള്ളൂ. എന്നുകരുതി കരളിന്റെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധകൊടുക്കാതിരുന്നാൽ സിറോസിസ്, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും ഇടയുണ്ട്.
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഡ ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഇപ്പോൾ മലയാളികൾ ധാരാളമായി കഴിച്ചുതുടങ്ങിയിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന അളവിൽ മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നത്. ഇവയിലെല്ലാം ശരീരത്തിന് ആവശ്യമായതിലധികം അന്നജം അടങ്ങിയിരിക്കുന്നു.
ഇത്രയധികം ഊർജം ചെലവഴിക്കാൻ തക്കതായ ശാരീരികപ്രവർത്തനങ്ങൾ ഇല്ലതാനും. ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്പോൾ അധികമായി എത്തുന്ന ഊർജം മുഴുവൻ കൊഴുപ്പായി സൂക്ഷിക്കാൻ ശരീരം നിർബന്ധിതമാകുന്നു. അങ്ങനെയാണ് അമിതഭാരവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമുണ്ടാകുന്നത്.
ആരോഗ്യമുള്ള ഒരാളുടെ കരളിൽ കൊഴുപ്പിന്റെ അംശം നാമമാത്രമായിരിക്കും. എന്നാൽ കരളിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന അളവിൽ കൊഴുപ്പ് രൂപപ്പെടുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഏറെ നാൾ ലക്ഷണങ്ങളില്ലാതെ തുടരുന്ന അവസ്ഥയാണ് ഫാറ്റിലിവർ. എന്നാൽ വർഷങ്ങളോളം അങ്ങനെ തുടരുമ്പോൾ കരൾ കൂടുതൽ ക്ഷീണിതമാകും.
സ്വയം ഭേദപ്പെടുത്താൻ കഴിയാതെ വരുമ്പോൾ മരുന്നുകളുടെയും പിന്നീട് കരൾമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വരെ വേണ്ടിവരും. പ്രശസ്‌ത്ര ടെലിവിഷൻ താരം സുബി സുരേഷ്, ട്രാഫിക് എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് പിള്ളൈ എന്നിവരുടെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടുകൾ നമുക്ക് മുന്നിൽ പാഠമായുണ്ട്.
പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാതിരുന്ന രാജേഷ് പിള്ളയ്ക്ക് വിനയായത് ജങ്ക്ഫുഡും സോഫ്റ്റ്ഡ്രിങ്കുകളും ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ വെളിപ്പെടുത്തിയിരുന്നു.
മുതിർന്നവരിലെന്ന പോലെ കുട്ടികളിലും ഇപ്പോൾ അമിതവണ്ണം ഒരു പ്രധാനആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എട്ടോ ഒൻപതോ വയസുള്ള കുട്ടിയിൽ ഫാറ്റിലിവർ ഉണ്ടായാൽ, അത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, ഇരുപതുകളിൽ എത്തുമ്പോഴേക്കും ഗുരുതരമായ കരൾരോഗങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും ശീലമാക്കിയാൽ രണ്ടാം ഘട്ടത്തിലെത്തിയ (ഫൈബ്രോസിസ്) ഫാറ്റി ലിവർ വരെ പൂർണമായും മാറുന്നതാണ്. ഓരോ വ്യക്തിയിലും അതിനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും.
അമിതവണ്ണമുള്ളവർ അവരുടെ ശരീരഭാരത്തിന്റെ ഒരു 10% എങ്കിലും കുറയ്ക്കുമ്പോൾ തന്നെ കാര്യമായ മാറ്റങ്ങൾ പ്രകടമാകും. എപ്പോഴും ഓരോ വ്യക്തിക്കും അനുയോജ്യമായ ശരീരഭാരം കാത്തുസൂക്ഷിക്കണം. മദ്യപാനം, അത് എത്ര ചെറിയ അളവിലാണെങ്കിൽപ്പോലും കരളിന് അമിതസമ്മർദ്ദം തന്നെയാണ്. അത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കേണ്ടതും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്.
പ്രോസസ് ചെയ്ത ചീസ്, ബട്ടർ, മാംസം എന്നിവയ്ക്ക് പകരം ഫൈബറും പ്രോടീനും കൂടുതൽ അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിച്ചുതുടങ്ങാം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മധുരപലഹാരങ്ങളും നിയന്ത്രിക്കണം. പരസ്യങ്ങൾ മാത്രം വിശ്വസിച്ച് സപ്പ്ളിമെന്റുകളും മറ്റും വാങ്ങിക്കഴിക്കരുത്. അവയിൽ ലോഹത്തിന്റെ അംശമുൾപ്പെടെ പല രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടാകാം. ഇവ പുറന്തള്ളേണ്ടത് കരളിന്റെ ദൗത്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളും കഴിക്കാവൂ. നിസാരരോഗങ്ങൾക്ക് സ്ഥിരമായി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ സ്വയം വാങ്ങികഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.
കരൾരോഗം സങ്കീർണതകളിലേക്ക് കടക്കുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന് സമീപം വേദന, കാലിൽ നീര്, ചർമത്തിലെ പ്രശ്നങ്ങൾ, മൂത്രത്തിലെ അസ്വാഭാവിക മഞ്ഞനിറം എന്നിവ കരൾരോഗത്തിന്റെ സൂചനകളാകാം. പലപ്പോഴും മറ്റെന്തെങ്കിലും ആവശ്യത്തിന് പരിശോധനകൾക്ക് വിധേയരാകുമ്പോഴാണ് കരൾരോഗങ്ങളും ആദ്യം ശ്രദ്ധിക്കുന്നത്. അത്രയും വൈകിപ്പോകാതിരിക്കാൻ ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്താം.
ഇതിൽ ധാരാളം പരിശോധനകൾ അടങ്ങിയിട്ടുണ്ട്. അവയെല്ലാം വിശദമായി നോക്കിയാൽ മാത്രം കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പലരും സ്ഥിരമായി ബിലിറൂബിൻ എന്ന ഘടകം മാത്രം ടെസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവ അവഗണിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കരളിന്റെ അവസ്ഥ ഏറ്റവും മോശമാകുമ്പോൾ മാത്രമേ ബിലിറൂബിൻ ഉയരുകയുള്ളു. തുടക്കത്തിൽ കാര്യമായ മാറ്റങ്ങൾ കാണിക്കില്ല.
ധാരാളം ശാരീരികപ്രവർത്തനങ്ങൾ നിർവഹിക്കുന്ന അവയവമായതിനാൽ കരളിന്റെ ആരോഗ്യം അറിയണമെങ്കിൽ പ്ലേറ്റ്ലെറ്റുകൾ ഉൾപ്പെടെ സമഗ്രമായ പരിശോധനകൾ ആവശ്യമായി വരാം. ഫാറ്റിലിവറും മറ്റും എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നറിയാൻ സ്കാനിങ്ങും ആവശ്യമായി വന്നേക്കാം.