സ്വാഗതം ചെയ്യാൻ രാജ വെമ്പാല എത്തും; അഗുംബെയ്ക്ക് പോകുന്നോ?

ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായതിനാലാണ് അഗുംബെക്ക് ഈ വിളിപ്പേര് കിട്ടിയത്. മഴയില്‍ കുളിച്ച് നില്‍ക്കുന്ന അഗുംബെയെ കാണാന്‍ മണ്‍സൂണ്‍ കാലത്തും ധാരാളംപേരെത്തും.

ട്രെയിനിലാണ് യാത്രയെങ്കില്‍ ഉഡുപ്പിയില്‍ ഇറങ്ങണം. അവിടെ നിന്ന് റോഡ് മാര്‍ഗം ഹെബ്രി വഴി അഗുംബെയിലെത്താം. ദൂരം 52 കിലോമീറ്റര്‍. ഉഡുപ്പിയില്‍ നിന്ന് ഇങ്ങോട്ടേക്ക് ബസ്സുണ്ട്. റോഡ് മാര്‍ഗമാണെങ്കിലും മംഗലാപുരം – ഉഡുപ്പി വഴി പോകുന്നതാണ് നല്ലത്.

ഇടതിങ്ങിയ കാടുകളുള്ള സോമേശ്വരം വനസങ്കേതത്തിലൂടെയാണ് അഗുംബെയിലേക്കുള്ള യാത്ര. എപ്പോഴും കോടമഞ്ഞ് നിറഞ്ഞുകിടക്കുന്ന ചുരം കടന്നുവേണം സ്ഥലത്തെത്താന്‍. കുന്നു കയറുമ്പോള്‍ സീതാനദി ഒഴുകുന്നതുകാണാം. ഇവിടെ റാഫ്റ്റിങ് നടത്താറുണ്ട്.

രാജവെമ്പാലയുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട അഗുംബെ അപൂര്‍വയിനം ജീവിസസ്യവര്‍ഗങ്ങളുടെ സ്ഥലംകൂടിയാണ്. ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനും ഔഷധവനവുമെല്ലാം കാണേണ്ടവയാണ്. നരസിംഹപര്‍വതത്തിലേക്ക് ട്രെക്കിങ് നടത്താനും കഴിയും. അതിന് നേരത്തെ ഷിമോഗ ജില്ലാ ഫോറസ്റ്റ് മേധാവിയില്‍ നിന്ന് അനുവാദം വാങ്ങണം.

അഗുംബെയില്‍ ചെന്നാല്‍ അവിടത്തെ ഹോം സ്റ്റേകളില്‍ താമസിക്കാം. അഗുംബെയിലെ നാട്ടുകാരുടെ സ്നേഹവും അവരുടെ ജീവിതരീതികളും ഭക്ഷണവുമെല്ലാം ഇതിലൂടെ അടുത്തറിയാം. മൂകാംബിയില്‍ പോയി മടങ്ങുമ്പോള്‍ അഗുംബെയും വേണമെങ്കില്‍ സന്ദര്‍ശിക്കാം. കൊല്ലൂരില്‍ നിന്ന് 85 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ശൃംഗേരിയിലേക്ക് 23 കിലോമീറ്ററേയുള്ളൂ. മികച്ച വ്യൂ പോയിന്റായ ബര്‍ക്കാനയിലേക്ക് ഏഴ് കിലോമീറ്റര്‍ ദൂരമാണുള്ളത്.

എന്തൊക്കെ കാണാം?

സൺസെറ്റ് പോയിന്റ്

അഗുംബെയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സൺസെറ്റ് പോയിന്റുകളിലൊന്നാണ് ഇവിടെയുള്ളത്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളിലൂടെ സൂര്യൻ അറബിക്കടലില്‌ പതിക്കുന്ന ദൃശ്യമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന്. അഗുംബെ ഗ്രാമത്തിൽ നിന്നും വെറും 10 മിനിട്ട് നടത്തം മാത്രമാണ് ഇവിടെ ഈ പോയിന്റിലേക്കുള്ളത്.

ജോഗി ഗുണ്ഡി വെള്ളച്ചാട്ടം

ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെയിൽ വെള്ളച്ചാട്ടങ്ങൾക്ക് ഒരു ക്ഷാമവുമില്ല. ജോഗിഗുണ്ഡി വെള്ളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന്.

വർഷം മുഴുവനും നിറഞ്ഞ് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണുവാൻ ഏറ്റവും മനോഹരിയാകുന്നത് മഴക്കാലത്താണ്. ജോഗി എന്നു പേരായ ഒരു മഹർഷി കാലങ്ങളോളം ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു എന്ന വിശ്വാസത്തിലാണ് ഈ വെള്ളച്ചാട്ടത്തിന് ജോഗി എന്ന പേരു ലഭിക്കുന്നത്. ഒരു ഗുഹയിൽ നിന്നുമാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. വളരെ പതുക്കെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം താഴെ ഒരു ചെറിയ കുളം സൃഷ്ടിക്കുന്നു.

അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

അഗുംബെയിലെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ. ഇവിടുത്തെ റിസർവ്വ് ഫോറസ്റ്റിനകത്ത് സ്ഥിതി ചെയ്യുന്ന ഈ റിസർച്ച് സെന്റര്‌ 2005 ലാണ് സ്ഥാപിതമാകുന്നത്. മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥിരം സംവിധാനമാണ് ഇവിടെയുള്ളത്.

ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന ആഗുംബേ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. രാജവെമ്പാലകളെ സ്വാഭാവികരീതിയിലും കൃത്രിമസാഹചര്യങ്ങളിലും വളരാനനുവദിക്കുകയും അവയുടെ ജീവിതരീതി നിരന്തരമായി പഠിക്കുകയും ചെയ്യുകയാണ് ഇവിടെ നടക്കുന്നത്.

കുഡുലു തീർഥ വെള്ളച്ചാട്ടം

300 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് കുഡുലു തീർഥ വെള്ളച്ചാട്ടം. കർണ്ണാടകയിലെ തന്നെ ഏറ്റവും മനോഹരവും ആരാധകർ ഏറെയുള്ളതുമായ ഇവിടം അഗുംബെയിലെത്തുന്നവർ മറക്കാതെ സന്ദര്‍ശിക്കേണ്ട ഇടമാണ്.

ഇവിടെ വെള്ളം വന്നു പതിക്കുന്നിടത്ത് ഒരു ചെറിയ കുളം രൂപം കൊണ്ടിട്ടുണ്ട്. ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം അനുസരിച്ച് പണ്ടു കാലത്ത് മഹർഷിമാരും സന്യാസികളും ഒക്കെ തപസ്സനുഷ്ഠിക്കുവാൻ വന്നിരുന്ന ഇടമാണിതെന്നാണ്.

സീതാ വെള്ളച്ചാട്ടം എന്നും കുഡുലു വെള്ളച്ചാട്ടം അറിയപ്പെടുന്നു. സീതാ നദിയിൽ നിന്നും ഉത്ഭവിക്കുന്നതിനാലാണ് അങ്ങനെ അറിയപ്പെടുന്നത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

ഒനകേ അബ്ബി വെള്ളച്ചാട്ടം

ഒനകേ എന്നാൽ കന്നഡയിൽ ഒലക്ക എന്നാണ് അർഥം. ധാന്യങ്ങളും മറ്റും പൊടിക്കുവാൻ ഉപയോഗിക്കുന്ന നമ്മുടെ ഉലക്ക. ഈ വെള്ളച്ചാട്ട്തിന് ഇങ്ങനെ വിചിത്രമായ പേരു കിട്ടിയതിനു പിന്നിൽ ഒരു കാരണമുണ്ട്. വെള്ളം ഒഴുകി വരുന്ന റൂട്ട് ഒരു ഉലക്കയുടെ ആകൃതി പോലെ തോന്നിക്കുമത്രെ. മുകളില്‍ നിന്നു താഴേക്ക് നോക്കുമ്പോൾ ഒരു ഉലക്കയുടെ ആകൃതി തന്നെയാണ് ഈ വെള്ളച്ചാട്ടത്തിന് തോന്നിക്കുക. അഗുംബെ സൺസെറ്റ് പോയിന്റിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.