സ്വാദൂറും പനീര്‍ ബിരിയാണി ട്രൈ ചെയ്താലോ?

ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടഭക്ഷണം ബിരിയാണിയാണ്. വെജും നോണ്‍ വെജുമായി പലതരം ബിരിയാണികളുമുണ്ട്. എന്നാലും ഹൈലൈറ്റായി നിൽക്കുന്നത് ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയുമാണ്. ഇതെല്ലം എപ്പോഴും കഴിക്കുന്നതല്ലേ? പനീര്‍ ഉപയോഗിച്ചും ബിരിയാണി തയ്യാറാക്കാം. എന്നാൽ ഒരു പനീര്‍ ബിരിയാണി ട്രൈ ചെയ്താലോ?

ആവശ്യമായ ചേരുവകൾ

  • പനീര്‍-300 ഗ്രാം
  • അരി -500 ഗ്രാം
  • പീസ് വേവിച്ചത്-1 കപ്പ്
  • തൈര്-2 കപ്പ്
  • പച്ചമുളക്-4
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • മുളകുപൊടി-അര ടീസ്പൂണ്‍
  • ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
  • ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍
  • വയനയില-1
  • ഏലയ്ക്ക-1
  • ഗ്രാമ്പൂ-2
  • കുരുമുളക്-3
  • ചെറുനാരങ്ങ-1
  • കുങ്കുമപ്പൂ-അര ടീസ്പൂണ്‍
  • പാല്‍-2 ടേബിള്‍ സ്പൂണ്‍
  • നെയ്യ്-2 ടീസ്പൂണ്‍
  • ഉപ്പ്
  • മല്ലിയില
  • പുതിനയില

തയ്യറാക്കുന്ന വിധം

അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക. തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക. ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക. മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക. ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.

ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക. ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തിരി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്തലങ്കരിയ്ക്കാം.