ചിക്കൻ വിഭവങ്ങൾ ഒരുപാടുണ്ടെങ്കിലും ചിക്കന് നെയ്യിന്റെ രുചിക്കൂട്ടു നല്‍കുന്ന ഒരു വിഭവമാണ് ചിക്കന്‍ ഗീ റോസ്റ്റ്. മാംഗ്ലൂരിലെ ഒരു സ്‌പെഷല്‍ വിഭവമാണ് ചിക്കൻ ഗീ റോസ്സ്റ്. തയ്യറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- നെയ്യ്-7 ടേബിള്‍ സ്പൂണ്‍
- തക്കാളി അരച്ചത്-1 കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി-2 ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
- പഞ്ചസാര-1 ടീസ്പൂണ്‍
- ജീരകപ്പൊടി-2 ടീസ്പൂണ്‍
- മല്ലിപ്പൊടി-2 ടീസ്പൂണ്‍
- കശ്മീരി മുളകുപൊടി-1 ടീസ്പൂണ്‍
- ഉണക്കമുളക്-2
- പുളി പിഴിഞ്ഞത്-1 ടേബിള്‍സ്പൂണ്‍
- മല്ലിയില
- കറിവേപ്പില
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് ജീരകപ്പൊടി, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. പിന്നീട് ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ശേഷം ഇതിലേയ്ക്ക് അല്‍പം കൂടി നെയ്യു ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍, ഉപ്പ്, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് പഞ്ചസാര, പുളിവെള്ളം എന്നിവ ചേര്‍ത്തിളക്കുക. ശേഷം ഇത് കുക്കുറില്‍ വച്ചോ അല്ലാതെയോ വേവിയ്ക്കുക. വേണമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്തുപയോഗിയ്ക്കാം.